പശ്ചിമബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം തുടരുന്നു; രണ്ട് മരണം കൂടി

Posted on: June 20, 2019 5:10 pm | Last updated: June 20, 2019 at 9:35 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഇരു വിഭാഗവും തമ്മില്‍ ഇന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഭട്ട്പാറയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ക്രൂഡ് ബോംബുകൾ പൊട്ടിത്തെറിച്ചതായും വെടിവെപ്പ് നടന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

പാനിപുരി വില്‍പനക്കാരനായ 17കാരനാണ് മരിച്ചവരില്‍ ഒരാള്‍. മറ്റൊരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റ് ചികിത്സയിലാണ്. ഭട്പാറയില്‍ പുതുതായി നിര്‍മിച്ച പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ പോലീസ് മേധാവി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഘര്‍ഷമുണ്ടായത്. ഇതേതുടര്‍ന്ന് ഡിജിപിയുടെ വാഹനവ്യൂഹം കൊല്‍ക്കത്തയിലേക്ക് തന്നെ തിരിച്ചുപോയി. പ്രദേശത്ത് കൂടുതല്‍ പോലീസുകാരെയും ദ്രുതകര്‍മ സേനയെയും വിന്യസിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഇവിടെ കടകമ്പോളങ്ങളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി പോലിസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ആക്രമണത്തിന് ഉത്തരവാദികള്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി ആരോപിക്കുന്നത്. വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിംന്റെ ശ്രദ്ധയില്‍പെടുത്താന്‍ പ്രതിനിധി സംഘത്തെ അയക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

കഴിഞ്ഞ മെയ് 19ന് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് പിന്നാലെയാണ് പശ്ചിമ ബംഗാളില്‍ ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.