Connect with us

Ongoing News

ബംഗ്ലാദേശിനെയല്ല; ശാകിബിനെയാണ് ആസ്‌ത്രേലിയ പേടിക്കേണ്ടത്

Published

|

Last Updated

നോട്ടിംഗ്ഹാം: നിലവിലെ സാഹചര്യത്തിൽ ബംഗ്ലാദേശിനെ പേടിക്കേണ്ട ആവശ്യം ആസ്‌ത്രേലിയക്കില്ല. എന്നാൽ, ആൾ റൗണ്ടർ ശാകിബ് അൽ ഹസനെ കരുതിയിരിക്കുന്നത് കങ്കാരുപടക്ക് നന്നാകും. അല്ലെങ്കിൽ മറ്റൊരു അട്ടിമറിക്ക് കൂടി ലോകകപ്പ് വേദിയാകും.

വെസ്റ്റിൻഡീസിനെ തകർത്ത് ലോകകപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന ടീമാണ് ബംഗ്ലാദേശ്. ആസ്‌ത്രേലിയയാകട്ടെ കിരീട നേട്ടം ആവർത്തിച്ച് ക്രിക്കറ്റിലെ തങ്ങളുടെ ബദ്ധവൈരികളുടെ നാട്ടിൽ നിന്ന് മടങ്ങുമെന്ന ഉറച്ച തീരുമാനത്തിലുമാണ്. ആസ്‌ത്രേലിയയേക്കാൾ ഇന്നത്തെ മത്സരം വിജയിക്കേണ്ടത് ബംഗ്ലാദേശിന് നിർണായകമാണ്. കഴിഞ്ഞ ലോകകപ്പിലേത് പോലെ സെമി ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ബംഗ്ലാദേശിന് ഇനിയുള്ള മത്സരങ്ങളിലെ വിജയം അനിവാര്യമാണ്. ബാറ്റിംഗിലും ബൗളിംഗിലും ശാകിബിന്റെ പ്രകടനം മാത്രമാണ് ആസ്‌ത്രേലിയയെ അസ്വസ്ഥരാക്കുന്നത്.

വിൻഡീസ് ഉയർത്തിയ 321ന്റെ കൂറ്റൻ സ്‌കോർ അനായാസമാണ് ബംഗ്ലാദേശ് മറികടന്നത്. ഏഴ് വിക്കറ്റ് അകലെ ബംഗ്ലാദേശ് വിജയം ഉറപ്പിച്ചതിന് പിന്നിൽ ശാകിബിന്റെ പ്രകടനം അവിസ്മരണീയമാണ്. 99 പന്തിൽ നിന്ന് പുറത്താകാതെ 124 റൺസെടുത്ത ശാകിബ് വളരെ ശാന്തനായാണ് ഓരോ പന്തുകളെയും നേരിട്ടത്. എട്ട് ഓവർ എറിഞ്ഞ ശാകിബ് 54 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടിയിരുന്നു.

അഞ്ച് മത്സരങ്ങളാണ് ഇരുടീമുകളും ലോകകപ്പിൽ കളിച്ചത്. ഇതിൽ അഞ്ച് പോയിന്റുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്താണെങ്കിൽ എട്ട് പോയിന്റ് നേടിയ ആസ്‌ത്രേലിയ ബഹുദൂരം മുന്നിലാണ്.

എന്നാൽ, കരുത്തരായ ദക്ഷിണാഫ്രിക്കയോടും വിൻഡീസിനോടും വിജയിച്ച ബംഗ്ലാദേശിന്റെ ആത്മവിശ്വാസം തകർക്കലാണ് ആസ്‌ത്രേലിയക്ക് മുന്നിലുള്ള പ്രധാന കടമ്പ. ഇംഗ്ലണ്ടിനോടും ന്യൂസിലാൻഡിനോടും പരാജയപ്പെട്ട ബംഗ്ലാദേശിന്റെ ശ്രീലങ്കയുമായുള്ള മത്സരം മഴ മൂലം മുടങ്ങിയിരുന്നു.

Latest