ഓണ്‍ലൈന്‍ വഴി ചികിത്സാ സഹായം: സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തണമെന്ന് വി ഡി സതീശന്‍; പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

Posted on: June 20, 2019 12:55 pm | Last updated: June 20, 2019 at 5:25 pm

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ചികിത്സാ സഹായം തേടി തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ രംഗത്തെ തട്ടിപ്പുകള്‍ തടയാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പരിശോധിക്കും. രോഗികളെ സഹായിക്കുകയെന്ന മാനസിക വികാരത്തെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാമെന്ന് ഗവേഷണം നടത്തുന്നവരാണ് പുതിയ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി ഡി സതീശന്‍ എം എല്‍ എയാണ് സബ്മിഷനിലൂടെ ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്. രോഗികളെ സഹായിക്കുന്ന രംഗത്തും കള്ളനാണയങ്ങള്‍ ഉണ്ടെന്ന് സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കാന്‍സര്‍ രോഗിയായ പെണ്‍കുട്ടിക്ക് 27 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി സമാഹരിച്ചു നല്‍കിയവര്‍ 13.5 ലക്ഷം രൂപയാണ് കമ്മീഷനായി ആവശ്യപ്പെട്ടത്.

സഹായിക്കുന്ന നല്ല മനുഷ്യര്‍ നല്‍കുന്ന പണം അര്‍ഹര്‍ക്കു തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഇതിനായി ആരോഗ്യ വകുപ്പ് തലത്തിലോ ജില്ലാ കലക്ടര്‍ തലത്തിലോ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനം ഒരുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. എം എല്‍ എ മുന്നോട്ടു വച്ചത് നല്ല നിര്‍ദേശമാണെന്നും ഇക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.