Connect with us

National

പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായത് വ്യക്തമായ ജനവിധിയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എന്‍ ഡി എ സര്‍ക്കാര്‍ കഴിഞ്ഞ ഭരണ കാലയളവില്‍ തുടങ്ങിവച്ച വികസനയാത്ര ത്വരിതഗതിയില്‍ തുടരുന്നതിനുള്ള വിധിയാണ് 61 കോടി പൗരന്മാര്‍ നല്‍കിയിട്ടുള്ളത്. എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം എന്നതാണ് സര്‍ക്കാര്‍ നയം. 17ാം ലോക്‌സഭ നിലവില്‍ വന്ന ശേഷമുള്ള പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.

രബീന്ദ്രനാഥ ടാഗോറിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പുതിയ ഇന്ത്യയെ നിര്‍മിക്കും. പ്രസംഗത്തിനിടെ ശ്രീനാരായണ ഗുരുവിന്റെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന ശ്ലോകവും രാഷ്ട്രപതി ഉദ്ധരിച്ചു. ഗുരുവിന്റെ തത്വങ്ങളും ആശയങ്ങളും സര്‍ക്കാറിന് വെളിച്ചം പകരുന്നതായി അദ്ദേഹം പറഞ്ഞു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാന മന്ത്രിയുടെ ആശയത്തെ എല്ലാവരും പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട രാഷ്ട്രപതി അതിര്‍ത്തി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.

എന്‍ ഡി എ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും സര്‍ക്കാറിന്റെ കാഴ്ചപ്പാടുകളും വിശദീകരിക്കുന്നതിനാണ് പ്രസംഗത്തിന്റെ ഭൂരിഭാഗവും രാഷ്ട്രപതി മാറ്റിവച്ചത്. മികച്ച രീതിയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയ തിരഞ്ഞെടുപ്പു കമ്മീഷനെ രാഷ്ട്രപതി അഭിനന്ദിച്ചു. അധികാരമേറ്റ് 21 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും സാമ്പത്തിക സഹായം, വ്യാപാരികള്‍ക്ക് പെന്‍ഷന്‍ തുടങ്ങി സര്‍ക്കാര്‍ മുന്നോട്ടു വച്ച പദ്ധതികള്‍ ഉദാഹരണമായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2024ഓടെ 50 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ടു കോടി സീറ്റുകള്‍ പുതുതായി സൃഷ്ടിക്കാനാണ് നീക്കം. സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പു വരുത്തുന്നതിന് മുത്വലാഖ് പോലുള്ള സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കണം. 2024ഓടെ ഇന്ത്യയെ ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 13000 കോടിയുടെ കാര്‍ഷിക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമായിട്ടുണ്ട്.

മൂന്നു വര്‍ഷത്തിനകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഗ്രാമീണ മേഖലയെ ശക്തമാക്കും. പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ജവാന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. ജലക്ഷാമമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നെന്നും ജലശക്തി മന്ത്രാലയം രൂപവത്കരിച്ചത് നിര്‍ണായകമായ ചുവടുവെപ്പാണെന്നും രാഷ്ട്രപതി പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും. ബേഠി ബച്ചാവോ ബേഠീ പഠാവോ പദ്ധതി വ്യാപിപ്പിക്കും. 112 ആസ്പിരേഷണല്‍ ജില്ലകള്‍ വികസിപ്പിക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്.