Connect with us

Palakkad

വിപ്ലവ നായികക്ക് നൂറ്റൊന്നാം പിറന്നാൾ

Published

|

Last Updated

ആലപ്പുഴ: പോരാട്ടത്തിന്റെ കനൽവഴികൾ താണ്ടി ആയുസ്സിന്റെ ശതാബ്ദി പിന്നിട്ട വിപ്ലവ മുത്തശ്ശി കെ ആർ ഗൗരിയമ്മക്ക് നാളെ നൂറ്റൊന്നാം പിറന്നാൾ. മിഥുന മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ ജനിച്ച നാട്ടുകാരുടെയെല്ലാം കുഞ്ഞമ്മയായ ഗൗരിയമ്മയുടെ നൂറ്റൊന്നാം പിറന്നാൾ നാടിന്റെ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി പ്രവർത്തകരും നാട്ടുകാരും.
മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ കേരളത്തിന്റെ പരിച്ഛേദം നാളെ ആലപ്പുഴയിലെത്തും. നാളെ ആരംഭിക്കുന്ന പിറന്നാൾ ആഘോഷം ഒരു വർഷം നീണ്ടുനിൽക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

ജന്മശതാബ്ദി ആഘോഷ സമ്മേളനം ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാവും. കെ ആർ ഗൗരിയമ്മ – ഒരു നേർകണ്ണാടി എന്ന ഡോക്യൂമെന്ററി പ്രകാശനം ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ നിർവഹിക്കും. ഗൗരിയമ്മ ഫൗണ്ടേഷന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പുസ്തക പ്രകാശനം സ്പീക്കർ ശ്രീരാമകൃഷ്ണനും നിർവഹിക്കും.

വാർധക്യത്തിലും ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി കഴിയുന്ന ഗൗരിയമ്മക്ക് പിറന്നാൾ ആശംസ നേരാൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം ആയിരങ്ങളെത്തുമെന്ന കണക്കുകൂട്ടലിലാണ് സംഘാടകർ.
നൂറിന്റെ നിറവിലും സ്വന്തം പാർട്ടിയെ ചുറുചുറുക്കോടെ നയിക്കുന്ന ജനറൽ സെക്രട്ടറി രാജ്യചരിത്രത്തിൽ തന്നെയുണ്ടാകില്ല. അടുത്തിടെയാണ് പാർട്ടിയിൽ നിന്ന് വിഘടിച്ചുപോയ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ജെ എസ് എസ് വിഭാഗത്തെ മാതൃപാർട്ടിയിലേക്ക് ലയിപ്പിച്ചത്.

പാർട്ടി വിട്ട മറ്റ് പലരും തിരികെ വരാനുള്ള ഒരുക്കത്തിലുമാണ്. ഗൗരിയമ്മയുടെ സ്‌നേഹവും കരുതലും അനുഭവിച്ചാൽ അങ്ങിനെയാണ്.
പാവങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തുന്ന രാഷ്്ട്രീയ കേരളത്തിന്റെ തറവാട്ടമ്മയെ വിട്ടുപിരിയുക അത്ര എളുപ്പമല്ല ആർക്കും.

കേരളത്തിന്റെ സാമ്പത്തിക- സാമൂഹിക ചരിത്രഗതി നിർണയിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുള്ള ഭൂപരിഷ്‌കരണ നിയമം, സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം തുടങ്ങി ഗൗരിയമ്മയുടെ ഭരണനേട്ടങ്ങൾ വിവരിക്കാൻ ഏറെയുണ്ട്.

1957 മുതൽ 2001 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥിരമായി വിജയിച്ച് നിയമസഭയിലെത്തിയ ഗൗരിയമ്മയാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായതിന്റെ റെക്കോർഡ് പേറുന്നത്. 1977ലെ അടിയന്തരാവസ്ഥക്കാലത്തെ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. 2006ലും 2011ലും പരാജയം രുചിച്ച ഗൗരിയമ്മ പിന്നീട് മത്സരരംഗത്തോട് വിട ചൊല്ലി. ഇടതു വലതു മുന്നണികളിലായും അല്ലാതെയും 12 മന്ത്രിസഭകളിൽ അംഗം, 16,345 ദിവസം നിയമസഭാംഗം, നൂറിന്റെ നിറവിലും ചുറുചുറുക്കോടെ പാർട്ടിയെ നയിക്കുക തുടങ്ങി ഒട്ടേറെ വിശേഷണങ്ങളുണ്ട് ഗൗരിയമ്മക്ക്.

ഇപ്പോഴും ദിനംപ്രതിയെന്നോണം ഒട്ടേറെ സാധാരണക്കാർ ചാത്തനാട്ടെ വീട്ടിൽ ഗൗരിയമ്മയുടെ ശിപാർശ തേടി എത്തുന്നു.
എല്ലാവർക്കും സാധ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിൽ ഒട്ടും മടി കാണിക്കാറില്ല.

വാർധക്യത്തിന്റെ ആകുലതകൾ കാരണം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നത് മാത്രമാണ് ഗൗരിയമ്മയെ അലട്ടുന്ന ഏക പ്രശ്‌നം.
സാധാരണ തിരഞ്ഞെടുപ്പുകളിൽ സജീവമായി പ്രചാരണ രംഗത്തിറങ്ങിയിരുന്ന ഗൗരിയമ്മക്ക് ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ആർക്കും വേണ്ടി പ്രചാരണത്തിനിറങ്ങാനായില്ലെന്നതിന്റെ ദുഖം രാഷ്ട്രീയ കേരളത്തിന്റെ തറവാട്ട് മുത്തശ്ശിക്കുണ്ട്.

Latest