എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനാക്കുന്നു

Posted on: June 20, 2019 11:42 am | Last updated: June 20, 2019 at 11:42 am


തിരുവനന്തപുരം: അപേക്ഷ നൽകിയ എല്ലാ സ്വാശ്രയ കോളജുകൾക്കും ഇത്തവണ ഒരു കോഴ്‌സ് അനുവദിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സർക്കാർ, എയ്ഡഡ് മേഖലയിൽ അടുത്ത വർഷമാകും പുതിയ കോഴ്‌സ്. ഭൗതിക സാഹചര്യങ്ങളുള്ള സ്വാശ്രയ കോളജുകൾക്കാണ് പുതിയ കോഴ്‌സ് അനുവദിക്കുക. അടുത്ത വർഷം മുതൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്തുന്ന കാര്യവും ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്. ത്രിവത്സര, പഞ്ചവത്സര എൽ എൽ ബി പരീക്ഷകൾ ഓൺലൈനായി നടത്തിയിരുന്നു.

2018-19ൽ എം ഫിൽ ഉൾപ്പെടെ 56 വിവിധ കോഴ്‌സുകൾ അനുവദിച്ചിരുന്നു. കേരള സാങ്കേതിക സർവകലാശാല നിലവിൽ വന്നശേഷം എൻജിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി ഡോ. കെ ടി ജലീൽ പറഞ്ഞു. എൻജിനീയറിംഗിന്റെ പാസ് ക്രെഡിറ്റ് 182ൽ നിന്ന് 162 ആക്കി. മിനിമം മാർക്ക് 45ൽ നിന്ന് നാൽപ്പതാക്കി. ഒരു സെമസ്റ്ററിൽ ആറ് മൊഡ്യൂൾ എന്നത് അഞ്ച് ആക്കാനും ഏഴ്, എട്ട് സെമസ്റ്ററിൽ ഇന്റേൺഷിപ്പ് ക്രെഡിറ്റ് പതിനഞ്ചാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥികളോട് മാനേജ്‌മെന്റുകൾ പ്രതികാര നടപടികൾ സ്വീകരിക്കുന്നതിനാൽ ഇന്റേണലിനുള്ള മിനിമം മാർക്ക് ഒഴിവാക്കി. കലാകായിക മികവിന് ഗ്രേസ് മാർക്ക് ഏർപ്പെടുത്തും. പ്രാക്ടിക്കൽ പരീക്ഷകൾ കോളജ് തലത്തിൽ നിന്ന് യൂനിവേഴ്‌സിറ്റിതലത്തിലേക്ക് മാറ്റും.

ഇനി മുതൽ മൂന്ന് എൻജിനീയറിംഗ് ബിരുദങ്ങളും നൽകും. ബി ടെക് ഓണേഴ്‌സ്, ബി ടെക് മൈനർ, ബി ടെക് എന്നിങ്ങനെയാണത്. അവസാന രണ്ട് വർഷത്തെ സെമസ്റ്ററുകളിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളിൽ പന്ത്രണ്ട് ക്രെഡിറ്റും ഓൺലൈൻ വഴി കുറഞ്ഞത് രണ്ട് വിഷയങ്ങൾക്ക് എട്ട് ക്രെഡിറ്റും അധികമായി നേടുന്ന കുട്ടികൾക്ക് ബി ടെക് ഡിഗ്രിക്ക് പകരം ബി ടെക് ഓണേഴ്‌സ് കരസ്ഥമാക്കാം. ഒരു വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർഥിക്ക് മറ്റേതെങ്കിലും ബാച്ചിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് നൽകുന്നതാണ് ബി ടെക് മൈനർ. അതായത് മെക്കാനിക്കലിൽ പഠിക്കുന്ന കുട്ടിക്ക് ഇലക്ട്രിക്കലിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് പഠിക്കാം. 2020-21 അധ്യയന വർഷം മുതൽ തിയറി കുറച്ച് ഏതെങ്കിലും തൊഴിലിൽ നൈപുണ്യം നൽകുന്ന ബി വോക് കോഴ്‌സ് ആരംഭിക്കും.

സർവകലാശാലകളിലെയും കോളജുകളിലെയും ബിരുദ ബിരുദാനന്തര കോഴ്‌സുകളിലെ സീറ്റുകൾ നിശ്ചിത എണ്ണമായി ഏകീകരിക്കും. പി ജി സയൻസ്- 16, പി ജി ആർട്‌സ് ആൻഡ് കോമേഴ്‌സ്- 20, യു ജി സയൻസ്- 40, യു ജി ആർട്‌സ് ആൻഡ് കോമേഴ്‌സ്- 60 എന്നിങ്ങനെയാണ് ഘടന.

ഉന്നത പരീക്ഷകൾക്കും ഗൾഫ് കേന്ദ്രം

ഗൾഫ് രാജ്യങ്ങളിൽ എസ് എസ് എൽ സി മാതൃകയിൽ ഉന്നത പരീക്ഷകൾക്കും സെന്റർ അനുവദിക്കുമെന്ന് മന്ത്രി കെ ടി ജലീൽ നിയമസഭയിൽ അറിയിച്ചു. ഗൾഫിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്നവർക്ക് നിലവിൽ സെന്ററുകൾ അനുവദിക്കാറുണ്ട്. എന്നാൽ, ബിരുദ കോഴ്‌സുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾക്ക് ഈ സൗകര്യമില്ല. ഓപൺ സർവകലാശാല വരുമ്പോൾ ഇവർക്ക് സെന്ററുകൾ അനുവദിക്കുന്നത് സർക്കാർ പരിശോധിക്കും.

സംസ്ഥാനത്ത് കോളജുകൾക്ക് സ്വയംഭരണം നൽകുന്നതിന് ഓട്ടോണമി അപ്രൂവൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇതിന്റെ അധ്യക്ഷൻ വിദ്യാഭ്യാസ മന്ത്രിയും ഉപാധ്യക്ഷൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമാണ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മെമ്പർ സെക്രട്ടറിയാണ്.