കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥ സൗമ്യയുടെ സംസ്‌കാരം ഇന്ന്

Posted on: June 20, 2019 10:41 am | Last updated: June 20, 2019 at 3:35 pm

ആലപ്പുഴ: വള്ളിക്കുന്നത്ത് പോലീസുദ്യോഗസ്ഥന്‍ തീക്കൊളുത്തി കൊലപ്പെടുത്തിയ പോലീസുകാരി സൗമ്യ പുഷ്പാകരന്റെ മൃതദേഹം ഇന്ന് രാവിലെ 11.30ന്‌
വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം രാവിലെ പത്തോടെ വീട്ടിലെത്തിച്ചു. വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷമാണ് വീട്ടിലേക്കു കൊണ്ടുവന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിക്കുക. ലിബിയയിലായിരുന്ന സൗമ്യയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു.

ജൂണ്‍ 15നാണ് വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്പാകരനെ (31) ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനും എറണാകുളം കാക്കനാട് സൗത്ത് വാഴക്കാല സ്വദേശിയുമായ അജാസ് (33) തീക്കൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ സാരമായി പൊള്ളലേറ്റ അജാസും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സൗമ്യയെ അജാസ് വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. അജാസിന്റെ മൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയപ്പോഴാണ് സൗമ്യയെ കൊലപ്പെടുത്തിയതിനു പിന്നിലെ പ്രകോപനം വ്യക്തമായത്.