കൊച്ചിയില്‍ ഐ എസ് ആക്രമണത്തിന് സാധ്യത; ഇന്റലിജന്‍സിന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Posted on: June 20, 2019 8:57 am | Last updated: June 20, 2019 at 12:28 pm

തിരുവനന്തപുരം: കൊച്ചിയില്‍ ഐ എസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള തിരക്കേറിയ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് ഭീകര ഗ്രൂപ്പ് ആലോചിക്കുന്നതെന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ ഇന്റലിജന്‍സിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്‍ ഡി ടി വിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഐ എസില്‍ ചേര്‍ന്നവരെ അവരവരുടെ രാജ്യങ്ങളില്‍ തിരിച്ചെത്തിച്ച് ആക്രമണം നടത്തുകയെന്ന തന്ത്രമാണ് ഐ എസ് പുതുതായി ആസൂത്രണം ചെയ്യുന്നത്. ഇറാഖ്, സിറിയ തുടങ്ങിയ മേഖലകളില്‍ തിരിച്ചടി നേരിട്ടതോടെയാണ് ഭീകര ഗ്രൂപ്പ് പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കാനൊരുങ്ങുന്നതെന്നാണ് എന്‍ ഡി ടി വിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സിന് പോലീസ് കൈമാറിയ മൂന്നു കത്തുകളിലൊന്നിലാണ് കൊച്ചിയില്‍ ആക്രമണ സാധ്യത സംബന്ധിച്ച സൂചനകളുള്ളത്.

ജമ്മു കശ്മീര്‍, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും ഐ എസ് സാന്നിധ്യം ശക്തമാണെന്നാണ് വിവരം. ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് ഇവര്‍ കൂടുതലായും ആശയവിനിമയം നടത്തിയിരുന്നത്. എന്നാല്‍, വിവരങ്ങള്‍ ചോരുന്നുണ്ടെന്ന ആശങ്കയാല്‍ ഇപ്പോള്‍ ചില ആപ്പുകളും ഉപയോഗിച്ചു വരുന്നുണ്ട്. നിരവധി പേരാണ് കേരളത്തില്‍ നിന്ന് ഐ എസില്‍ ചേരാനായി രാജ്യം വിട്ടത്. നിരന്തര കൗണ്‍സിലിംഗിലൂടെ പലരെയും ഭീകരവാദ ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. ഉത്തര കേരളത്തില്‍ നിന്നുള്ള ഇവരില്‍ പലരും ഇപ്പോഴും നിരീക്ഷണത്തിലാണ്.