Connect with us

National

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ആശയത്തിന്റെ പ്രായോഗികത പഠിക്കുന്നതിനായി സമിതിയെ നിയോഗിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ പ്രായോഗികത പഠിക്കുന്നതിനായി സമിതിയെ നിയോഗിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ആശയത്തെ പിന്തുണച്ചതായി യോഗ തീരുമാനങ്ങള്‍ അറിയിക്കവെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് സര്‍ക്കാറിന്റെയല്ല, രാജ്യത്തിന്റെ അജന്‍ഡയാണെന്നും എല്ലാ പാര്‍ട്ടികളും ഇതില്‍ ഉള്‍പ്പെടുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും സര്‍ക്കാര്‍ മാനിക്കും.

അതേസമയം, ജനാധിപത്യ വിരുദ്ധവും പ്രായോഗിക തടസ്സങ്ങളുള്ളതുമായ ആശയം കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കണമെന്ന് യോഗം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും പാര്‍ട്ടി ആരോപിച്ചു. ഇത്തരമൊരു ആശയത്തെ കുറിച്ച് ചിന്തിക്കുന്നതു തന്നെ ജനാധിപത്യത്തിനും ഭരണഘടനക്കും നിരക്കാത്തതാണെന്നായിരുന്നു ബി എസ് പി നേതാവ് മായാവതി പ്രതികരിച്ചത്. രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങളായ ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവയില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ഇത്തരം പദ്ധതികള്‍ അവതരിപ്പിക്കുന്നത്.

സാങ്കേതികവും നിയമപരവുമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണ് പ്രധാന മന്ത്രി മുന്നോട്ടു വച്ചിട്ടുള്ള ആശയമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത ആലോചനകള്‍ ജനാധിപത്യ സംവിധാനത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അമിത്ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പടെ അഞ്ച് കക്ഷികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. രാഹുല്‍ ഗാന്ധി, ഉദ്ധവ് താക്കറെ, മമത ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ്, എം കെ സ്റ്റാലിന്‍ എന്നിവര്‍ യോഗം ബഹിഷ്‌കരിച്ച പ്രമുഖരില്‍ ഉള്‍പ്പെടും. അരവിന്ദ് കെജ്‌രിവാള്‍, ചന്ദ്രബാബു നായിഡു, കെ ചന്ദ്രശേഖര റാവു എന്നിവര്‍ യോഗത്തിനെത്തിയില്ലെങ്കിലും പ്രതിനിധികളെ അയച്ചിരുന്നു.