Connect with us

Ongoing News

ധോണി കളിക്കട്ടെ; ക്രിക്കറ്റ് ആസ്വദിക്കുന്ന കാലത്തോളം: ഗ്ലെന്‍ മെക്ഗ്രാത്ത്

Published

|

Last Updated

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്ത്തിയും അദ്ദേഹത്തിന്റെ ഭാവി ക്രിക്കറ്റ് ജീവിതത്തിന് ആശംസകളര്‍പ്പിച്ചും ഓസീസ് മുന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മെക്ഗ്രാത്ത്. ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിന് ഏറെ ഗുണം ചെയ്യുന്നതായും ക്രിക്കറ്റ് ആസ്വദിക്കുന്ന കാലത്തോളം അദ്ദേഹം കളിച്ചുകൊണ്ടേയിരിക്കണമെന്നും മെക്ഗ്രാത്ത് പറഞ്ഞു.

ഝാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ജെ എസ് സി എ) ജെ എസ് സി എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ദ്വിദിന ബൗളിംഗ് പരിശീലന വര്‍ക്‌ഷോപ്പിനിടെയാണ് മുന്‍ താരം ധോണിയെ പ്രകീര്‍ത്തിച്ചത്. ധോണി വിരമിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും സ്വയം മടുക്കുന്നതു വരെ അദ്ദേഹം കളിക്കട്ടെയെന്നും മെക്ഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റില്‍ 563 ഉം ഏകദിനത്തില്‍ 381ഉം വിക്കറ്റുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുള്ള മെക്ഗ്രാത്ത് ശനിയാഴ്ച രാത്രിയാണ് ധോണിയുടെ സ്വദേശമായ റാഞ്ചിയിലെത്തിയത്.
ലോകകപ്പില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തോടെ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമായി ധോണി മാറിയിരുന്നു. 341 ഏകദിനങ്ങളിലാണ് മുന്‍ നായകന്‍ കൂടിയായി ധോണി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്.

എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സ്‌ട്രൈക്ക് റേറ്റ് താഴോട്ടു പോയത് ധോണിയുടെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. 78 ആണ് കഴിഞ്ഞ രണ്ടു വര്‍ഷം ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. താരത്തിന്റെ കരിയര്‍ സ്‌ട്രൈക്ക് റേറ്റ് 87 ആണെന്നിരിക്കെയാണിത്.
ഈ സാഹചര്യത്തിലും ആത്മവിശ്വാസം തുളുമ്പുന്ന പ്രകടനമാണ് ധോണി ഇക്കഴിഞ്ഞ ഐ പി എല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി പുറത്തെടുത്തത്. ലോകകപ്പില്‍ ആസ്‌ത്രേലിയക്കെതിരെ 14 പന്തില്‍ നിന്ന് 24 റണ്‍ അടിച്ചെടുത്തത് ധോണി തന്റെ പ്രതാപ കാലത്തേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു.

ഇതാദ്യമായാണ് ഝാര്‍ഖണ്ഡിലെ യുവ ബൗളര്‍മാരെ പരിശീലിപ്പിക്കാന്‍ വിദേശത്തു നിന്ന് ഒരു അന്താരാഷ്ട്ര താരം എത്തുന്നതെന്ന് ജെ എസ് സി എ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തി പറഞ്ഞു. ബൗളിംഗ് കോച്ചുമാര്‍ക്കുള്ള പരിശീലനവും മെക്ഗ്രാത്ത് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Latest