അഞ്ച് ഹിസ്ബുല്‍ ഭീകരര്‍ പിടിയില്‍; പോലീസ് പൊളിച്ചത് സുരക്ഷാ സേനക്കു നേരെ വന്‍ ആക്രമണത്തിനുള്ള പദ്ധതി

Posted on: June 19, 2019 7:21 pm | Last updated: June 19, 2019 at 10:29 pm

ഷോപിയാന്‍: ജമ്മു കശ്മീരില്‍ വന്‍ ആക്രമണം നടത്തുന്നതിനുള്ള ഹിസ്ബുല്‍ മുജാഹിദീന്‍ ഗ്രൂപ്പിന്റെ പദ്ധതി പോലീസ് തകര്‍ത്തു. അറസ്റ്റിലായ അഞ്ച് ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണ പദ്ധതിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഫൈസല്‍ ഫാറൂഖ് അഹംഗര്‍, അമീര്‍ മജീദ് വാനി, സമീര്‍ അഹമ്മദ് ഭട്ട്, ആഖിബ് നാസിര്‍ റാവുത്തര്‍, റയീസ് അഹമ്മദ് ഗനി എന്നിവരെയാണ് ജമ്മു കശ്മീര്‍ പോലീസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്.

ഷോപിയാനില്‍ നിന്ന് പിടികൂടിയ ഇവരില്‍ നിന്ന് ഐ ഇ ഡി സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. സുരക്ഷാ സേനക്കു നേരെ വന്‍ ആക്രമണം ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ലശ്കര്‍ ഇ ത്വയ്യിബ, ജയ്ഷ്വ മുഹമ്മദ് എന്നിവ സൈനിക താവളങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായുള്ള വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്.