ശിഖര്‍ ധവാന് കളിക്കാനാകില്ല; പകരം റിഷഭ് പന്ത്

Posted on: June 19, 2019 7:27 pm | Last updated: June 19, 2019 at 11:16 pm

ലണ്ടന്‍: ലോകകപ്പില്‍ കുറച്ചു മത്സരങ്ങള്‍ക്കു ശേഷമെങ്കിലും ഓപ്പണര്‍ ശിഖര്‍ ധവാന് കളത്തിലിറങ്ങാമെന്ന ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. ആസ്‌ത്രേലിയക്കെതിരായ മത്സരത്തിനിടെ, പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറില്‍ വിരലിനു പരുക്കേറ്റ ധവാന് ഒരു മാസത്തോളം കളിക്കാനാകില്ലെന്ന് ടീം ഫിസിയോ അറിയിച്ചതോടെയാണിത്. ഇതേ തുടര്‍ന്ന് ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കുകയും പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. ധവാന്റെ വിരലിന് പൊട്ടലുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.

ആസ്‌ത്രേലിയക്കെതിരായ മത്സരത്തില്‍ പരുക്ക് കൂസാതെ ബാറ്റിംഗ് തുടര്‍ന്ന ധവാന്‍ ശതകം സ്വന്തമാക്കി ശേഷമാണ് പുറത്തായത്. 109 പന്തില്‍ 117 റണ്‍സായിരുന്നു ധവാന്റെ സംഭാവന.