ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്;ഓം ബിര്‍ലക്ക് എതിരാളികളില്ല

Posted on: June 19, 2019 9:32 am | Last updated: June 19, 2019 at 12:13 pm

ന്യൂഡല്‍ഹി:പതിനേഴാമത് ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള അംഗ ഓം ബിര്‍ലയെ എന്‍ഡിഎ നാമനിര്‍ദേശം ചെയ്തിരുന്നു. പ്രതിപക്ഷവും പിന്തുണക്കുന്നതിനാല്‍ ഓംബിര്‍ല എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ഡെപ്യൂട്ടി സ്പീക്കറെ സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ ഈ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.

രാജസ്ഥാനിലെ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓം ബിര്‍ലയെ സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വസുന്ധര രാജെയെ മാറ്റി ഓം ബിര്‍ലയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു. രണ്ട് തവണ മാത്രമാണ് ഇദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസിന്റെ പുതിയ സഭാനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, സമാജ് വാദി പാര്‍ട്ടി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ബിജെപി നേതാക്കളായ മേനക ഗാന്ധി, വരുണ്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.പശ്ചിമ ബംഗാളിലെ എംപിമാരാണ് ഏറ്റവുമൊടുവില്‍ സത്യപ്രതിജ്ഞ ചെയ്തത്.