Connect with us

Gulf

ഫോണ്‍ സംഭാഷണം അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്യുന്നത് അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റം

Published

|

Last Updated

റാസ് അല്‍ ഖൈമ: രണ്ട് വ്യക്തികള്‍ തമ്മില്‍ നടക്കുന്ന ടെലിഫോണ്‍ സംഭാഷണം മറുതലക്കലുള്ള വ്യക്തിയുടെ സമ്മതമില്ലാതെ റെക്കോര്‍ഡ് ചെയ്യുന്നത് നിയമപരമായി കുറ്റമാണെന്ന് നിയമവിദഗ്ധര്‍. അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കാവുന്ന ഇലക്‌ട്രോണിക് കുറ്റകൃത്യമാണത്.

ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെയും അവക്കുള്ള ഫെഡറല്‍ ശിക്ഷാ നടപടികളെയും വിശദീകരിച്ചുകൊണ്ടാണ് യു എ ഇയിലെ നിയമവിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലോ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയിലോ ഉള്ള സംസാരമാണെങ്കില്‍ പോലും മറുകക്ഷിയുടെ സമ്മതമില്ലാതെ റെക്കോര്‍ഡ് ചെയ്യുന്നത് തെറ്റും ശിക്ഷാര്‍ഹവുമാണ്. മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് ഇതെന്ന കാരണത്താലാണ് നിയമം ഇതിനെ ഗൗരവമായി കാണുന്നത്.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ വഴക്കുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒരു കോടതിയില്‍ നടന്ന വ്യവഹാരങ്ങളുടെ ഭാഗമായാണ് നിയമവിദഗ്ധര്‍ ഇക്കാര്യം പൊതുജനങ്ങളുടെ അറിവിലേക്കായി ഉണര്‍ത്തിയത്. ഭാര്യക്കെതിരെ ഭര്‍ത്താവ് ഉന്നയിച്ച വാദങ്ങള്‍ ശരിയെന്ന് സമര്‍ഥിക്കാന്‍ തന്റെ അഭിഭാഷകന് തെളിവായി നല്‍കിയത് ഭാര്യയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പായിരുന്നു. ഭാര്യയുടെ സമ്മതമില്ലാതെ റെക്കോര്‍ഡ് ചെയ്തതായിരുന്നു ഇതെന്ന് ഏഷ്യക്കാരനായ ഭര്‍ത്താവ് കോടതിയില്‍ സമ്മതിക്കുകയുണ്ടായി.
ഫോണ്‍ സംഭാഷണം മറുതലക്കലുള്ള വ്യക്തിയുടെ സമ്മതമില്ലാതെ റെക്കോര്‍ഡ് ചെയ്യുന്നത് ആറ് മാസത്തില്‍ കുറയാത്ത തടവ് ലഭിക്കാനിടവരുന്ന കുറ്റമാണെന്ന് അഭിഭാഷക സൊസൈറ്റിയുടെ ചെയര്‍മാനും നിയമവിദഗ്ധനുമായ സായിദ് അല്‍ ശാംസി പറഞ്ഞു. ഇതിന് പുറമെ ഒന്നര ലക്ഷം ദിര്‍ഹമില്‍ കുറയാത്തയും അഞ്ച് ലക്ഷത്തില്‍ കൂടാത്തെയും പിഴയും ലഭിക്കാന്‍ കാരണമാകുമെന്ന് അല്‍ ശാംസി വിശദീകരിച്ചു.
മറ്റൊരാളുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ സംസാരം മറഞ്ഞുനിന്ന് കേള്‍ക്കല്‍, അത് റെക്കോര്‍ഡ് ചെയ്യല്‍, നേരിട്ടുള്ള സംഭാഷണമോ ഫോണ്‍ സംഭാഷണമോ സമ്മതമില്ലാതെ റെക്കോര്‍ഡ് ചെയ്യല്‍, മറ്റൊരാളുടെ സ്വകാര്യത ഹനിക്കുന്ന ഓഡിയോ, വീഡിയോകള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും അല്‍ ശാംസി കൂട്ടിച്ചേര്‍ത്തു. സമ്മതമില്ലാതെ നേരത്തെ റെക്കോര്‍ഡ് ചെയ്ത സംസാരമുണ്ടെങ്കില്‍ കാര്യം മറുകക്ഷിയെ ധരിപ്പിച്ച് സമ്മതം വാങ്ങണം. സമ്മതിക്കാത്ത പക്ഷം അത് അന്തിമമായി ഡിലീറ്റ് ചെയ്യണം.

എന്നാല്‍, ഒരു കുറ്റകൃത്യമോ നിയമവിരുദ്ധ പ്രവര്‍ത്തനമോ ശ്രദ്ധയില്‍പെടുകയും അതിന് മറ്റാരും സാക്ഷികളായില്ലാത്ത സാഹചര്യമുണ്ടാവുകയും ചെയ്യുന്ന ഘട്ടത്തില്‍ അന്വേഷണസംഘത്തിന് സഹായകമാകുന്ന രീതിയില്‍ സംസാരം, വീഡിയോ എന്നിവ റെക്കോര്‍ഡ് ചെയ്യുന്നത് കുറ്റകരമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Latest