ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Posted on: June 18, 2019 2:39 pm | Last updated: June 18, 2019 at 4:58 pm
നിബിന്‍ മുഹമ്മദ് (21)

മലപ്പുറം: എടവണ്ണയില്‍ ചാലിയാറില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പന്നിപാറ പള്ളിപടി കണ്ണാടി പറമ്പന്‍ അബ്ദുല്‍ മജീദിന്റെ മകന്‍ നിബിന്‍ മുഹമ്മദ് (21) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പന്നിപ്പാറ പൊട്ടിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഇന്നലെ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. നിബിന്‍ മുഹമ്മദ് ഒഴുക്കില്‍ പെട്ടു എന്ന വാര്‍ത്ത കേട്ട് ബോധരഹിതയായി വീണ വല്ല്യുമ്മ നഫീസ (79) ഹൃദയ സ്തംഭനം മൂലം ഇന്നലെ മരിച്ചിരുന്നു.

നിലമ്പൂര്‍ തിരുവാലി ഫയര്‍ ഫോഴ്സ്, എടവണ്ണ ട്രോമ കെയര്‍, എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്സ്, എടവണ്ണ പോലീസ് എന്നിവരും നാട്ടുകാരും ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തിയിരുന്നു. പുഴയുടെ ആഴംക്കൂടുതലും വെള്ളത്തിന്റെ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കാലവര്‍ഷത്തില്‍ പെയ്ത മഴയില്‍ പുഴയില്‍ അടിഒഴുക്ക് ശക്തമായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സും ട്രോമകെയര്‍ അംഗങ്ങളും പറഞ്ഞു.

ഒരു നാട് മുഴുവനും ഉറങ്ങാതെ ഇന്നലെ രാത്രി മുഴുവനും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വീട്ടിലെ രണ്ട് മരണവും താങ്ങാന്‍ കഴിയാത്ത ആഘാതത്തിലാണ് വീട്ടുകാരും കുടുംബവും നാട്ടുകാരും. അരീക്കോട് സുല്ലമുസ്സലാം കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ് നിബിന്‍.