Connect with us

National

ചട്ട പ്രകാരമുള്ള സീറ്റില്ല; കോണ്‍ഗ്രസിന് ഇത്തവണയും പ്രതിപക്ഷ നേതൃ പദവി ലഭിക്കാനിടയില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാം തവണയും പ്രതിപക്ഷ നേതൃ പദവി ലഭിച്ചേക്കില്ല. ചട്ട പ്രകാരം പദവിയിലേറാന്‍ ആവശ്യമായ 55 സീറ്റുകള്‍ ലോക്‌സഭയില്‍ ഇല്ലാത്തതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. ലോക്‌സഭയുടെ നടപ്പു സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്പീക്കര്‍ വിഷയം പരിഗണനക്കെടുക്കുമെങ്കിലും ചട്ടങ്ങളും മുന്‍ അനുഭവങ്ങളും പ്രകാരം പദവി ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം.

543 അംഗ ലോക്‌സഭയിലേക്ക് ഏപ്രില്‍-മെയ് മാസങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 52 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 44 സീറ്റുകള്‍ മാത്രം ലഭിച്ച 2014ലും പാര്‍ട്ടിക്ക് പദവി നിഷേധിക്കപ്പെട്ടിരുന്നു. ആവശ്യമായ സീറ്റില്ലാത്തതിനാല്‍ കഴിഞ്ഞ തവണ കിട്ടാത്ത സ്ഥാനം ഇത്തവണ എങ്ങനെയാണ് ലഭിക്കുകയെന്നാണ് ഉയരുന്ന ചോദ്യം.

2104ല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃ പദവി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന വിഷയം സഭയില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് അന്നത്തെ സ്പീക്കര്‍ സുമിത്ര മഹാജന്‍ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടി. നിയമ വ്യവസ്ഥകളും നടപടി ക്രമങ്ങളും പ്രകാരം പദവി നല്‍കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശം.