VIDEO STORY: ആ മദ്‌റസാ വിദ്യാര്‍ഥികള്‍ ഭീകരരല്ല

Posted on: June 18, 2019 12:44 am | Last updated: June 18, 2019 at 1:32 am

സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ഉലകം ചുറ്റിയിരിക്കും. അതൊരു വെറും ചുറ്റലല്ല. അപകടകരമായ ബോധ്യങ്ങള്‍ അത് ഞൊടിയിടയില്‍ സൃഷ്ടിച്ചിരിക്കും. അതുകൊണ്ട് ആ നുണക്കോട്ടകള്‍ അടിച്ചുതകര്‍ത്തേ തീരൂ. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെ സത്യം തേടിയൊരു അന്വേഷണം. നുണ പരിശോധന

കഴിഞ്ഞ ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ഒരു പക്ഷേ നിങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടാകും. കൊല്‍ക്കത്തയിലെ മുസ്ലിം ശക്തികേന്ദ്രങ്ങളില്‍ ഒന്നായ രാജബസാറില്‍ തീവ്രവാദ പരിശീലനത്തിന് കൊണ്ടുപോകുകയായിരുന്ന 63 മദ്‌റസാ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. മുസ്ലിംകള്‍കക്കെതിരെ എന്തുകിട്ടിയാലും ചാടിവീഴുന്ന സംഘികള്‍ ഈ വീഡിയോയും ഏറ്റുപിടിച്ചിട്ടുണ്ട്. ആദ്യം ആ വീഡിയോ കാണാം:

യാഥാര്‍ഥ്യമെന്തന്നറിയാതെ പ്രചരിപ്പിക്‌പ്പെടുന്ന ഈ വീഡിയോ ലക്ഷക്കണക്കിന് പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. ബിജെപിയുടെ ദേശീയ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയ അടക്കമുള്ള നേതാക്കള്‍ വരെ സംഭവം ട്വീറ്റ് ചെയ്തിട്ടുണ്ടെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സംഘികള്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോ കല്ലുവെച്ച നുണയാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. വീഡിയോയിലുള്ളത് മദ്‌റസാ വിദ്യാര്‍ഥികളാണെന്നതും അവരെ പോലീസ് തടയുന്നുവെന്നതും ശരിയാണ്. അത് മാത്രമേ ശരിയുള്ളൂ. മറ്റുപ്രചാരണങ്ങള്‍ എല്ലാം പച്ചനുണ തന്നെ.

2015 ഓഗസ്റ്റ് രണ്ടിന് കൊല്‍ക്കത്തയിലെ സീല്‍ധ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. പശ്ചിമ ബംഗാളിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 63 മദ്‌റസാ വിദ്യാര്‍ഥികളെ മഹാരാഷ്ട്രയിലെ പൂനെയിലേക്ക് പഠന ആവശ്യാര്‍ഥം കൊണ്ടുപോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചതായിരുന്നു. ആറിനും 17നും ഇടയില്‍ പ്രായമുള്ളവരായിരുന്നു കുട്ടികള്‍. ഇവരോടൊപ്പം ഒരു മദ്‌റസാ അധ്യാപകനും അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകള്‍ ഇവരുടെ കൈവശമില്ലാത്തതിനാല്‍ റെയില്‍വേ പോലീസ് കുട്ടികളെ കസ്റ്റഡിയലെടുത്തു. കുട്ടികളെ പിന്നീട് വിവിധ കേന്ദ്രങ്ങളിലേക്ക് തിരിച്ചയച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ മാധ്യമങ്ങള്‍ അന്ന് നല്‍കിയ വാര്‍ത്ത ഇന്നും അവരുടെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ മുന്നും പിന്നും നോക്കാതെ നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. 2015ല്‍ തന്നെ ഈ കുട്ടികളെ തീവ്രവാദികളായി ചിത്രീകരിച്ചുള്ള പ്രചാരണം സംഘികള്‍ നടത്തിയിരുന്നു. നാല് വര്‍ഷത്തിന് ശേഷം ഈ പ്രചാരണം വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ് സംഘികള്‍. ഒന്നോര്‍ക്കുക. വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമൊക്കെ നമ്മുടെ വിരല്‍തുമ്പിലെത്തുന്ന എല്ലാം ശരിയാണെന്ന് ഒറ്റയിടിക്ക് തീരുമാനിക്കാതിരിക്കുക. സത്യമെന്ന് ഉറപ്പുള്ളത് മാത്രമേ പ്രചരിപ്പിക്കാവൂ. ചിലപ്പോള്‍ കാര്യമറിയാതെ നിങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് പോലും അതില്‍ ഉള്‍പ്പെട്ട നിരപരാധികള്‍ക്ക് ജീവിതകാലം മുഴുവന്‍ ശ്രമിച്ചാലും കരകയറാനാകാത്ത സ്ഥിതിയുണ്ടാക്കും. അതുകൊണ്ട് ജാഗ്രത വേണം, ഷെയര്‍ ബട്ടണില്‍ വിരലമര്‍ത്തുമ്പോള്‍…