കോടതി ഇടപെടലിന് പിറകെ പാര്‍ട്ടി ഓഫീസില്‍ ബോര്‍ഡ് വെച്ച് ജോസ് കെ മാണി;സിഎഫ് തോമസും തോമസ് ഉണ്ണിയാടനും ജോസഫിനൊപ്പം

Posted on: June 17, 2019 8:18 pm | Last updated: June 18, 2019 at 10:12 am

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സ്‌റ്റേ ചെയ്ത നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് ജോസ് കെ മാണി. കോടതി ഉത്തരവ് പരിശോധിക്കുമെന്നും അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റേതായണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പിളര്‍ന്നുവെന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ സ്ഥാനം കോടതി സ്‌റ്റേ ചെയ്തതിന് പിറകെ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ എത്തി. ചെയര്‍മാന്റെ മുറിക്കു പുറത്തു ജോസ് കെ മാണിയുടെ പേരുള്ള ബോര്‍ഡ് സ്ഥാപിച്ചു. അതേസമയം ചെയര്‍മാനെ തിരഞ്ഞെടുത്തതിന് എതിരെയുള്ള നടപടി തീരുമാനിക്കാന്‍ ജോസഫ് വിഭാഗം തിരുവനന്തപുരത്ത് യോഗം ചേരുകയാണ്.

കേരള കോണ്‍ഗ്രസ് മാണി എന്ന പാര്‍ട്ടിയില്‍നിന്ന് ചിലര്‍ വിട്ടുപോയെന്നും ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ്, ഓഫിസ് ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാം, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ ചേര്‍ന്ന് കേരള കോണ്‍ഗ്രസിനെ നയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. ചട്ടം ലംഘിച്ചാണ് ചെയര്‍മാനെ തിരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍ ,മനോഹര്‍ നടുവിലേടത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.