പാക് സൈന്യത്തിന്റെയും ഐ എസ് ഐയുടെയും വിമര്‍ശകനായ ബ്ലോഗറെ കുത്തിക്കൊന്നു

Posted on: June 17, 2019 3:45 pm | Last updated: June 17, 2019 at 4:58 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനി ബ്ലോഗറും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ മുഹമ്മദ് ബിലാല്‍ ഖാനെ (22) അജ്ഞാതന്‍ കുത്തിക്കൊന്നു. സുഹൃത്തിന് ഗുരുതരമായി പരുക്കറ്റിട്ടുണ്ട്. പാക് സൈന്യത്തെയും രാജ്യത്തെ ചാര സംഘടനയായ ഐ എസ് ഐയെയും വിമര്‍ശിച്ചു കൊണ്ട് ബിലാല്‍ ഖാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത കുറിപ്പുകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഞായറാഴ്ച രാത്രി ഇസ്ലാമാബാദിലാണ് സംഭവം. സുഹൃത്തിനോടൊത്ത് പുറത്തു പോയിരുന്ന ബിലാല്‍ ഖാനെ ഒരാള്‍ ഫോണില്‍ ബന്ധപ്പെടുകയും പിന്നീട് സമീപത്തെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഠാര ഉപയോഗിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്ന്‌ സംശയിക്കുന്നതായി പോലീസ് സൂപ്രണ്ട് സദര്‍ മാലിക് നയീം പറഞ്ഞു. എന്നാല്‍, വെടിയൊച്ചകള്‍ കേട്ടതായി പരിസരവാസികളില്‍ ചിലര്‍ വ്യക്തമാക്കി. ഭീകര പ്രവര്‍ത്തന വിരുദ്ധ നിയമത്തിലെതുള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.