Connect with us

Kozhikode

സഹാനും മിസ്ഹബും ഇനി ദേശീയ താരങ്ങൾ

Published

|

Last Updated

കോഴിക്കോട്: തെക്കേപ്പുറത്തുകാരായ ഈ കുട്ടുകാർ ഇനി ഫുട്‌ബോളിലെ ദേശീയ- അന്തർ ദേശീയ താരങ്ങൾ. അതും ബെംഗളൂരു എഫ് സിയുടെയും റിലയൻസ് എഫ് സിയുടെയും ജഴ്‌സികളണിഞ്ഞ്. പതിനൊന്നുകാരൻ പരപ്പിൽ എം എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ ആറാം തരം വിദ്യാർഥി സഹാന് അണ്ടർ 18 ബെംഗളൂരു എഫ് സിയിലേക്കും പന്ത്രണ്ട് വയസ്സുകാരൻ പ്രസ്റ്റീജ് പബ്ലിക് സ്‌കൂളിലെ ഏഴാം തരം വിദ്യാർഥി മിസ്ഹബ് യഅ്ക്കൂബ് അണ്ടർ 18 റിലയൻസ് എഫ് സിയിലേക്കുമാണ് സെലക്ഷൻ നേടിയിട്ടുള്ളത്. ഇരുവരും അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും കല്ലായി സോക്കർ അക്കാദമിയിലെ കോച്ചുമാരുമായ ഷബീർ കൊശാനി, ഉമ്മർ കോയ, ഷാനവാസ് എന്നിവർക്ക് കീഴിൽ പരിശീലനം നേടിയവരുമാണ്. സോക്കർ അക്കാദമി മുഖേന ബെംഗളൂരുവിൽ നടന്ന ട്രയൽസിൽ പങ്കെടുത്ത് സെലക്ഷൻ നേടിയ ഇരുവരും ഗ്രൗണ്ടിൽ ഫോർവേർഡ് പൊസിഷൻ കളിക്കാരാണ്. ആറ് വർഷത്തേക്കാണ് ഇരുവരുടേയും കമ്പനികളുമായുള്ള കരാർ.

സഹാന്റെ പിതാവ് ശബീർ കൊശാനി ഇന്ത്യൻ വെറ്ററൻസ് ഫുട്‌ബോൾ ടീം താരവും നിലവിൽ കല്ലായി സോക്കർ ടീമിന്റെ കോച്ചുമാണ്. സർജീനയാണ് മാതാവ്. മിസ്ഹബ് തോപ്പിലകം യഅ്ക്കൂബിന്റെയും റഹനയുടെയും മകനാണ്. തൃശ്ശൂരിൽ നടന്ന ഇസാഫ് ഡോൺ ബോസ്‌കോ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള അവാർഡ് മിസ്ഹബും ടോപ് സ്‌കോററിനുള്ള അവാർഡ് സഹാനും കരസ്ഥമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം കോഴിക്കോട് അഡ്രസ്സ് മാളിന്റെ സംസ്ഥാന തല അണ്ടർ 14 ടൂർണമെന്റിലും സഹാൻ തന്നെയായിരുന്നു ടോപ് സ്‌കോറർ.

അന്തർ ദേശീയ തലത്തിലേക്കുള്ള അവസരം കൈവന്നതോടെ ഈ സഹോദരങ്ങൾ നാടിന്റെ അഭിമാനമായിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ ഫുട്‌ബോൾ ലോകത്ത് സ്വന്തമായ ഒരിടം കണ്ടെത്തിയ ഇവർ ഭാവിയിൽ ലക്ഷ്യം വെക്കുന്നതും ഫുട്‌ബോൾ ലോകത്തെ ഉയർന്ന കരിയറുകൾ തന്നെ. ഫുട്‌ബോൾ സ്‌നേഹികളായ മാതാപിതാക്കളുടെ പൂർണ പിന്തുണയാണ് പ്രചോദനമെന്നാണ് സഹാനും യഅ്ക്കൂബും പറയുന്നത്. കായിക രംഗത്തിലെന്നതു പോലെ തന്നെ പഠനരംഗത്തും മികവുറ്റ പ്രകടനം കാഴ്ച വെച്ചു കൊണ്ടാണ് ഈ കുട്ടികളുടെ മുന്നേറ്റം. കമ്പനിയുമായുള്ള കരാറുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്കായി ഇരുവരും അടുത്ത ദിവസം ബെഗളൂരുവിലേക്ക് യാത്ര തിരിക്കും.

Latest