ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ

Posted on: June 17, 2019 12:30 pm | Last updated: June 17, 2019 at 4:51 pm

കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവ ലയിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കാനുള്ള നീക്കമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. പ്രതിപക്ഷ അധ്യാപക സംഘടനയിലെ ഏതാനും അധ്യാപകരും എന്‍ എസ് എസും സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടി തടഞ്ഞ കോടതി കേസില്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചു.

കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ ഖാദര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നത് അപ്രസക്തമാകുമെന്നും കോടതി നിരീക്ഷിച്ചു.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ ഡയറക്ടറേറ്റുകളെ ലയിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഈ അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ട് ഭാഗികമായി സര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞു. ഡി ജി ഇ എന്ന ഒരു തസ്തിക സൃഷ്ടിച്ച് ഒരു ഡയറക്ടറെ നിയമിച്ചിരുന്നു. ഒന്ന് മുതല്‍ 12 വരെയുള്ള എല്ലാ പരീക്ഷകളും ഡി ജി ഇക്ക് കീഴിലാക്കിയിരുന്നു.

ഈ സഹചര്യത്തില്‍ ഇപ്പോള്‍ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഇടപടെല്‍ സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. സംസ്ഥാന സര്‍ക്കാറിന് വലിയ തിരിച്ചടിയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

അതേ സമയം കോടതി വിധിയോട് പ്രതികരിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാറിന് ലയന ശിപാര്‍ശ നല്‍കിയ ഡോ. എം എ ഖാദര്‍ അറിയിച്ചു.