അഴിമതി സ്ഥിരീകരിച്ച് ഐ ഐ ടി റിപ്പോര്‍ട്ടും

Posted on: June 17, 2019 11:10 am | Last updated: June 17, 2019 at 11:10 am

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും സ്ഥിരീകരിക്കുന്നതാണ് ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന ഐ ഐ ടി റിപ്പോര്‍ട്ട്. മേല്‍പ്പാല നിര്‍മാണത്തില്‍ ആവശ്യത്തിന് സിമന്റ് പോലും ഉപയോഗിച്ചില്ലെന്നാണ് മദ്രാസ് ഐ ഐ ടി റിപ്പോര്‍ട്ടില്‍ പറയുന്നത്. എം 35 എന്ന ഗ്രേഡില്‍ കോണ്‍ക്രീറ്റ് ആവശ്യമുള്ളിടത്ത് എം 22 തോതില്‍ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. സാങ്കേതികപ്പിഴവാണ് പാലത്തിന്റെ ഉപരിതലത്തില്‍ ടാറിംഗ് ഇളകിപ്പോകാനും തൂണുകളില്‍ വിള്ളലുണ്ടാക്കാനും ഇടയാക്കിയത്. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. നിര്‍മാണ ഘട്ടത്തില്‍ ഒരിക്കല്‍ പോലും റിവ്യൂ നടത്തുകയോ കൃത്യമായ പഠനം നടക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം പി അളഗസുന്ദര മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഐ ഐ ടി സംഘം നാല് മാസത്തിലേറെ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നേരത്തെ സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും പാലം നിര്‍മാണത്തില്‍ അഴിമതി കണ്ടെത്തിയിരുന്നു. പാലത്തില്‍ നിന്ന് വിജിലന്‍സ് ശേഖരിച്ച കോണ്‍ക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനയിലാണ് ആവശ്യത്തിന് സിമന്റ് ചേര്‍ത്തിട്ടില്ലെന്നും നിലവാരം കുറഞ്ഞ കമ്പികളാണ് ഉപയോഗിച്ചതെന്നും വെളിപ്പെട്ടത്.

അമിത ലാഭമുണ്ടാക്കാന്‍ പാലത്തിന്റെ രൂപകല്‍പന മാറ്റിയതായും കരാറുകാരനുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് കിറ്റ്‌കോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി വിജിലന്‍സ് കേസെടുക്കുകയും മൂവാറ്റുപുഴ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 2016ല്‍ തുറന്നു കൊടുത്ത പാലത്തില്‍ ഒരു വര്‍ഷത്തിനകം തന്നെ ഗര്‍ത്തങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

മുന്‍ സര്‍ക്കാര്‍ തങ്ങളുടെ ഭരണനേട്ടമായി തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി മേല്‍പ്പാല നിര്‍മാണം തിരക്കിട്ടു പൂര്‍ത്തിയാക്കാന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള (ആര്‍ ബി ഡി സി കെ)യെയാണ് ഏല്‍പ്പിച്ചത്. കിറ്റ്‌കോയെ ഡിസൈന്‍ കണ്‍സള്‍ട്ടന്റും ആക്കി. പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തത് ഡല്‍ഹി ആസ്ഥാനമായുള്ള ആര്‍ ഡി എസ് പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ ആയിരുന്നു. ദേശീയതലത്തില്‍ ശ്രദ്ധേയമായ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ആര്‍ ഡി എസ്സെങ്കിലും പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഗുരുതരമായ കൃത്യവിലോപമാണ് അവര്‍ നടത്തിയിരിക്കുന്നത്. കോണ്‍ട്രാക്റ്റിംഗ് കമ്പനി തയ്യാറാക്കുന്ന പദ്ധതി പരിശോധിച്ച് പിഴവുകളുണ്ടോയെന്ന് കണ്ടെത്താന്‍ ചുമതലയുള്ള കിറ്റ്‌കോയും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. അവിചാരിതമായി സംഭവിച്ചതായിരിക്കാനിടയില്ല ഇതൊന്നും. വന്‍ അഴിമതികളുടെ കഥകളുണ്ടാകാം ഇതിന് പിന്നില്‍.

ശതാബ്ദങ്ങള്‍ പഴകിയാലും ദ്രവിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യാത്തതാണ് പഴയ കാലത്ത് നിര്‍മിച്ച പാലങ്ങള്‍. നൂറ് വര്‍ഷം പഴക്കമുള്ള കോട്ടയം നാഗമ്പടം മേല്‍പ്പാലം പൊളിച്ചു മാറ്റുന്നതിനു ബോംബ് സ്‌ഫോടനം നടത്തിയിട്ടും അധികൃതര്‍ പരാജയപ്പെടുകയായിരുന്നല്ലോ. അവസാനം കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് പാലം മാറ്റി ചെന്നൈയില്‍ നിന്നെത്തിച്ച കട്ടര്‍ മെഷീന്‍ ഉപയോഗിച്ച് ഘട്ടംഘട്ടമായി പൊളിക്കുകയാണുണ്ടായത്. അതേസമയം ഇന്നത്തെ പാലങ്ങളും കെട്ടിടങ്ങളും നിര്‍മാണം പൂര്‍ത്തിയായി കുറഞ്ഞ കാലയളവിനകം തന്നെ പൊട്ടിപ്പൊളിയുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്നു. 100 കോടി രൂപ മുടക്കി പണിതതും 2016ല്‍ ഉദ്ഘാടനം ചെയ്തതുമായ എറണാകുളത്തെ ഹൈക്കോടതി കെട്ടിടത്തിന് കുറഞ്ഞ വര്‍ഷത്തിനകം തന്നെ പലയിടത്തും കേടുപാടുകള്‍ സംഭവിക്കുകയും കോണ്‍ക്രീറ്റ് പൊളിഞ്ഞു വീഴുകയും ചെയ്തു. തിരുച്ചിറപ്പള്ളി എന്‍ ഐ ടി നടത്തിയ പരിശോധനയില്‍ കോടതിക്കെട്ടിടം നിര്‍മിക്കാന്‍ ഉപയോഗിച്ച സിമന്റും മണലും കമ്പിയും വെള്ളവും അടക്കം ഗുണനിലവാരം ഇല്ലാത്തതാണെന്നാണ് കണ്ടെത്തിയത്.

പൊതുമരാമത്ത് വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് 2015ല്‍ ഇതുസംബന്ധിച്ച് സര്‍ക്കാറിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പണി പൂര്‍ത്തീകരിക്കാതെ തന്നെ ബില്‍ പാസ്സാക്കിയും പുതുക്കിയതും പെരുപ്പിച്ചതുമായ എസ്റ്റിമേറ്റ് തയ്യാറാക്കിയും കൈക്കൂലി വാങ്ങുക, ബില്‍ തയ്യാറാക്കുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട കൈക്കൂലിയുടെ ശതമാനം നിശ്ചയിക്കുക, ടാര്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ മറിച്ചുവില്‍ക്കുക, ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിനും നിയമത്തിനും കൈക്കൂലി, മന്ത്രി, സെക്രട്ടറി തലത്തിലുള്ളവര്‍ക്ക് നല്‍കുന്നതിന് എന്ന പേരില്‍ വിവിധ ഡിവിഷനുകളിലെ ചീഫ് എന്‍ജിനീയര്‍മാരും സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാരും പണം ഈടാക്കല്‍, വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് കട്ട് ചെയ്യുന്നതിലും മണ്ണിട്ട് നികത്തുന്നതിലുമുള്ള അഴിമതി തുടങ്ങി വകുപ്പില്‍ വ്യാപകമായി നടക്കുന്ന ഒമ്പത് ക്രമക്കേടുകള്‍ അതില്‍ അക്കമിട്ടു പറയുന്നുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടില്‍ ആവശ്യമായ നടപടിയെടുത്താല്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മാണങ്ങളിലെ കുറ്റകരമായ വീഴ്ചകളും അഴിമതികളും വലിയൊരളവോളം ഇല്ലാതാക്കാന്‍ സാധിക്കും. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അത് കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. അതോടൊപ്പം പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചക്ക് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശന നിയമ നടപടികള്‍ക്കു വിധേയമാക്കുകയും വേണം.