ഇന്ത്യന്‍ ജയം പാക്കിസ്ഥാനെതിരായ മറ്റൊരു ആക്രമണം: അമിത് ഷാ

Posted on: June 17, 2019 10:49 am | Last updated: June 17, 2019 at 1:21 pm

ന്യൂഡല്‍ഹി: ലോകകപ്പില്‍ പാകിസ്താനെതിരെ കോലിപ്പട നേടിയ ഉജ്ജ്വല ജയത്തെ പാക്കിസ്ഥാനെതിരായ മറ്റൊരു അക്രമണമായി വിശേഷിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നുവെന്നും ഫലം ഒന്നു തന്നെയാണെന്നും അമിത് ഷായുടെ ട്വിറ്ററില്‍ കുറിച്ചു. മികച്ച വിജയം നേടിയ ടീമിനെ അഭിനന്ദിക്കുന്നതായും രാജ്യം ഒന്നാകെ വിജയം ആഘോഷിക്കുകയാണെന്നും ഷാ പറഞ്ഞു.

ഷായുടെ ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും വന്‍ പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്.
ക്രിക്കറ്റിനെ കളിയായി മാത്രം കാണണമെന്ന് കായിക താരങ്ങളും ഇരു രാജ്യത്തെയും മറ്റ് രാഷ്ട്രീയ നേതാക്കളുമെല്ലാം പ്രസ്താവന ഇറക്കുന്ന സമയത്താണ് ആഭ്യന്തരമന്ത്രിയുടെ ഇത്തരം ഒരു ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്.

ലോകകപ്പില്‍ പാകിസ്താനെതിരായ തുടര്‍ച്ചയായ ഏഴാം ജയമാണ് ഇന്നലെ നേടിയത്. ഇന്ത്യയുടെ ജയത്തില്‍ ടീമിനെ അഭിനന്ദിച്ച് മറ്റു രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

പാകിസ്താനെതിരായ മത്സരം വൈകാരികമായി കണ്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മത്സരശേഷം പറഞ്ഞിരുന്നു. ആരാധകരുടെ വികാര പരിസരത്ത് നിന്നല്ല തികഞ്ഞ പ്രൊഫഷണല്‍ സമീപനമാണ് ഉണ്ടായിരുന്നതെന്നും കോഹ്‌ലി പറഞ്ഞിരുന്നു.