Connect with us

Travelogue

ആൾത്തിരയിൽ അകപ്പെട്ടാൽ...

Published

|

Last Updated

ഖോജാ… ഖോജാ…. മേരാ ഖോജാ…. ഖോജാ…….
മലയാള ഗാനങ്ങൾ മാത്രം കേട്ട് പരിചയമുള്ള ഞങ്ങളുടെ കുടുംബത്തിലുള്ളവർക്ക് ഉറുദുവിലുള്ള ഗസലുകളും ഖവാലികളും പരിചയപ്പെടുത്തിയത് അമ്മാവൻ റശീദ്ക്കയാണ്. ഉറുദു നശീദകൾ അമ്മാവന് ഹരമായിരുന്നു. കച്ചവടാവശ്യാർഥം പണ്ടെപ്പോഴോ ഉത്തരേന്ത്യയിലേക്ക് വണ്ടി കയറിയിട്ടുണ്ടായിരുന്നു അമ്മാവൻ. അപ്പോൾ നെഞ്ചകത്ത് കയറിക്കൂടിയതായിരിക്കണം ഗസലുകൾ. ഉമ്മയുടെ വീട്ടിൽ നിന്നും അലയൊലി തീർക്കുന്ന ഖവാലികൾ പലതും എനിക്ക് ഹൃദ്യമായിരുന്നു. “അജ്മീരിൽ പോയാൽ ബക്കം മക്കയിൽ എത്താം” എന്ന വല്യുമ്മയുടെ സങ്കടം കലർന്ന വാക്കുകൾ എന്റെ ചെറുപ്രായത്തിൽ ഒട്ടേറെ കേട്ടിട്ടുണ്ട്.

വീടുകൾ തോറും വന്ന് ബൈത്തുകൾ പാടി ദഫിൽ ഈണമിട്ട് കൊട്ടിയിരുന്ന “ഖലീഫ”മാർക്ക് അജ്മീറിനെ പരിജയപ്പെടുത്തിയതിൽ വലിയ പങ്കുണ്ട്. അജ്മീർ നേർച്ച, അജ്മീറിലേക്ക് നേർച്ചയാക്കിയ മൃഗം, പണം തുടങ്ങിയവ ഗ്രാമാന്തരീക്ഷത്തിൽ അലിഞ്ഞ് ചേർന്നിരുന്നു. കേരളത്തിൽ നിന്നും ആഴ്ചയിലൊരിക്കൽ അജ്മീറിലേക്ക് ചൂളം വിളിക്കുന്ന മരുസാഗർ എക്‌സ്പ്രസിൽ പോകാൻ തിരക്ക് കൂട്ടുന്ന ആളുകളെ കണ്ട് പലപ്പോഴും കൊതിച്ചിട്ടുണ്ട്, ഒരിക്കലെങ്കിലും അവിടെ പോകാൻ.. വിധി, അങ്ങനെയാണ്. ചിലപ്പോൾ നമ്മൾ ആഗ്രഹിക്കാത്ത രൂപത്തിൽ, മറ്റു ചിലപ്പോൾ ആഗ്രഹിച്ചതിലപ്പുറം.

ഇപ്രാവശ്യത്തെ അജ്മീർ ഉറൂസിന് എത്തിയത് വളണ്ടിയർ ആയിട്ടായിരുന്നു. അജ്മീറിൽ നിന്ന് നാല് മണിക്കൂർ ബസ് യാത്ര ചെയ്താൽ ഞങ്ങൾ പഠിക്കുന്ന നാഗൂറിലെ ഫൈസാനിയ്യ കോളജിലെത്താം. അജ്മീറിൽ നിന്ന് കുറച്ച് കുട്ടികളെ വളണ്ടിയറായി നിൽക്കാൻ വേണമെന്നുള്ള വിളിയാളം വന്നത് മുതൽ അതിലൊരു അംഗമാകാൻ ഏറെ കൊതിച്ചു. ഇന്ത്യൻ പൗരൻ ആണെന്ന് തെളിയിക്കാൻ വേണ്ട രേഖകളെല്ലാം സമർപ്പിക്കേണ്ടിയിരുന്നു വളണ്ടിയർ സ്ഥാനം ലഭിക്കാൻ.
ഉറൂസിൽ പങ്കെടുക്കാൻ ഒരാഴ്ച മുമ്പേ എത്തി. ടെന്റുകൾ കെട്ടി. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ആളുകൾക്ക് നിർദേശങ്ങൾ നൽകലായിരുന്നു ചുമതല.

അവരോട് സംസാരിച്ചപ്പോൾ ഒരു കാര്യം ഞങ്ങളിൽ അത്ഭുതമുണ്ടാക്കി. ഇസ്‌ലാമിന്റെ ബാലപാഠങ്ങൾ പോലും മനസ്സിലാക്കാത്ത, പഠിക്കാത്ത ആളുകൾ. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നു അലക്കുകയും കുളിക്കുകയും ചെയ്യുന്നു. നേരെചൊവ്വെ ശരീരം മറക്കാത്ത സ്ഥിതിഗതികൾ. ഓരോ ടെന്റിന്റെയും മുന്നിൽ ഭക്ഷണ അവശിഷ്ടങ്ങളുടെ കൂന. കുളിക്കുകയും അലക്കുകയും ചെയ്യുന്ന വെള്ളം ടെന്റുകളിലേക്ക് ഒഴുകിയെത്തുന്നു. തികച്ചും വൃത്തിഹീനം. പറയുന്നത് ചെറിയ കുട്ടികളെ പോലെ അക്ഷരംപ്രതി അവർ അനുസരിക്കുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. ശരിയായ ശിക്ഷണം കിട്ടാത്തതാണ് കാരണമെന്ന് മനസ്സിലായി.

രണ്ടാം ദിവസം ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് നടക്കുന്നതിനിടയിൽ ചെറിയ ഒരാൾക്കൂട്ടം കണ്ടു. പല ജീവികളുടേയും പടം വെച്ച് ഒരാൾ തനിക്ക് ചുറ്റും കൂടിയവരുടെ കൈ നോക്കുകയാണ്. തല മറച്ച ഒരു പാട് കുട്ടികളും വൃദ്ധന്മാരും സ്ത്രീകളും ആ കൂട്ടത്തിലുണ്ട്. ഇത് അനിസ്‌ലാമികമാണെന്ന് ഈ കൂട്ടരെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? ഞങ്ങൾ മുഖത്തോടു മുഖം നോക്കി. കുറച്ചകലെ നിന്ന് ടീം ലീഡർ ഗുജറാത്തുകാരൻ റസാഖാൻ വരുന്നത് കണ്ടു. അദ്ദേഹം അവിടെ കൂടിയ ആളുകൾക്ക് ചെറിയ ഉപദേശം നൽകി. അവർക്ക് കാര്യം മനസ്സിലായി. ഒരുപാട് പേർ ഞങ്ങളുടെ അരികിലെത്തി ഏങ്ങിക്കരഞ്ഞു. അറിവില്ലായ്മയാണെന്ന് കരച്ചിലിലുടനീളം ആ പാവങ്ങൾ പറയുന്നുണ്ടായിരുന്നു. അവരുടെ കരച്ചിൽ കണ്ട് ഞങ്ങൾക്കും സങ്കടമായി.

റജബ് (ആറ്), ഛട്ടീ ശരീഫ്, അജ്മീറിലെ പ്രധാന ദിവസം. അതായത് ഉറൂസ് മുബാറക്.. ഞങ്ങൾ റൂമിൽ നിന്ന് നേരത്തേയിറങ്ങി. അജ്മീറിലെ ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ തന്നെ വൻ തിരക്ക് അനുഭവപ്പെട്ടു. റോഡിൽ വലിയ കുരുക്ക്. പരസ്പരം കൈകോർത്ത് ഞങ്ങൾ തിരക്കിനിടയിലൂടെ നുഴഞ്ഞു കയറി മുന്നോട്ട് പോകുകയാണ്. പല ദേശങ്ങളിൽ നിന്നും മഹാന്റെ ചാരത്തേക്ക് ജനം ഒഴുകി വരികയാണ്. അവിടെ ജാതീയത ഇല്ല. അന്യമതസ്ഥർക്ക് പ്രവേശനം ഇല്ല എന്ന ബോർഡ് എവിടെയും കാണില്ല. മഹാന്റെ ദർഗയിൽ പ്രവേശിക്കണം. ഉള്ളിൽ വിങ്ങിപ്പൊട്ടുന്ന സങ്കടങ്ങളെ ഖോജയുടെ മുമ്പിൽ തുറന്നിടണം. ആത്മീയ സംതൃപ്തി ലഭിക്കണം. എല്ലാവർക്കും ഒരേ വിചാരം, ഒരേ വികാരം.

പ്രധാന ഗെയിറ്റിന്റെ അടുത്തെത്തിയപ്പോൾ വല്ലാത്ത സന്തോഷം. തിരക്കുമൂലം ശ്വാസം പോലും വിടാൻ കഴിയാത്ത അവസ്ഥയിൽ ഞാൻ ഗെയിറ്റിലേക്ക് ഏന്തി വലിഞ്ഞു നോക്കി. നിറയെ സെക്യൂരിറ്റിക്കാരും പോലീസുകാരും ചുറ്റുമുണ്ട്. നേരത്തേ പഴം വാങ്ങി ബേഗിൽ വെച്ചിട്ടുണ്ടായിരുന്നു. തിരക്കുമൂലം അത് ബേഗിൽ കിടന്ന് ജ്യൂസ് ആകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. മുമ്പ് അജ്മീറിൽ നിന്ന് ഫോൺ നഷ്ടപ്പെട്ട സുഹൃത്തിന്റെ ഇടക്കിടക്കുള്ള സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടിയുള്ള നിർദേശങ്ങളും തിരക്കിനിടയിൽ കേൾക്കുന്നുണ്ടായിരുന്നു.
പത്തടി കൂടി വെച്ചാൽ ഞങ്ങൾ ഗെയിറ്റ് കടക്കുകയാണ്. പെട്ടെന്ന്.. വൻ തിരക്ക് അനുഭവപ്പെട്ടു. നാലുഭാഗത്തു നിന്നും ജനസാഗരം ഇരച്ചു വന്നു. ഉയരുന്ന ശബ്ദങ്ങൾ.. നിലവിളികൾ പല ഭാഷകളിൽ… തൊട്ടു മുന്നിൽ ഒരു വൃദ്ധ… ഏങ്ങിക്കരയുകയാണ്.. ഇപ്പോൾ വീഴുമെന്ന അവസ്ഥ.. വൃദ്ധയുടെ മകനാണെന്ന് തോന്നുന്നു … അമ്മൂ…. അമ്മൂ… എന്ന് വിളിച്ച് രക്ഷിക്കാൻ നോക്കുകയാണ്…
ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ…
ശക്തിയുള്ളവർ അതിജയിച്ച് മുന്നേറുന്നു. കൂട്ടത്തിലെ ചെറിയ ഒരാളെ ഞങ്ങൾ ഉയർത്തി നിർത്തിയിരിക്കുകയാണ്. ഒന്ന് താഴെ വീണാൽ മതി… ചതഞ്ഞരയും… ചുഴലിയിലകപ്പെട്ടത് പോലെ നിന്ന് കറങ്ങുകയാണ്… ഞങ്ങൾ പരസ്പരം ചുറ്റിപ്പിടിച്ച് നിന്നു…. എല്ലാവരുടെയും മുഖത്ത് ഭയം നിഴലിക്കുന്നുണ്ട്.. വല്ലാത്തൊരവസ്ഥ… ജനങ്ങൾ ഇരച്ചുകയറും എന്നു കരുതി കുറേ കടകൾ ഷട്ടറിട്ടിട്ടുണ്ടായിരുന്നു. നോക്കിനിൽക്കുകയല്ലാതെ പോലീസുകാർക്കും സെക്യൂരിറ്റിക്കാർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല. പ്രധാന ഗെയിറ്റ് കയറാൻ നിന്ന ഞങ്ങൾ കറങ്ങിത്തിരിഞ്ഞ് എത്തിപ്പെട്ടത് ഏതോ ഇടുങ്ങിയ വഴിയിൽ…. ഒരു കടയുടെ വരാന്തയിൽ അള്ളിപ്പിടിച്ചിരുന്നു…

അൽഹംദുലില്ലാഹ്… ഞങ്ങൾ നാഥനെ സ്തുതിച്ചു… വലിയ ഒരപകടത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നു. കൂട്ടത്തിൽ തന്നെ ചിലരുടെ ചെരുപ്പുകളും ബാഗുകളും നഷ്ടപ്പെട്ടിരുന്നു.. പലരും ആ നിമിഷങ്ങളെ കുറിച്ച് വാചാലരായി…. അൽപ്പം വിശ്രമിച്ചതിന് ശേഷം തിരക്കൊഴിഞ്ഞ സമയം നോക്കി ഞങ്ങൾ പ്രധാന ഗെയിറ്റ് കടക്കാൻ അപകടം പിടിച്ച വഴിയിലൂടെ നീങ്ങി. പരന്നു കിടക്കുന്ന ചെരുപ്പുകൾ, വസ്ത്രങ്ങൾ, മറ്റ് സാമഗ്രികൾ…. അവയെ നോക്കി ഞങ്ങൾ നെടുവീർപ്പിട്ടു..

ഗെയിറ്റ് കടന്നപ്പോഴും തിരക്കിന് കുറവുമില്ലായിരുന്നു. അക്ബർ പള്ളിയിലും ഷാജഹാൻ പള്ളിയിലും മസാറിന്റെ ചുറ്റുഭാഗത്തും ജനങ്ങൾ തടിച്ച് കൂടിയിട്ടുണ്ടായിരുന്നു. മഖാമിന്റെ അകത്തേക്ക് കടക്കാൻ ഒരുങ്ങിയ ഞാൻ തിക്കിത്തിരക്കുന്നവരെ കണ്ട് പിന്തിരിഞ്ഞു.
മസാറിന്റെ തൊട്ടു മുന്നിൽ തല ഉയർത്തി നിൽക്കുന്ന “ഷാജഹാൻ മസ്ജിദ്” എന്ന് അറിയപ്പെടുന്ന ഷാജഹാൻ ചക്രവർത്തി മുഴുവൻ മാർബിളിൽ പണി കഴിപ്പിച്ച മസ്ജിദിൽ നിന്നും ദർഗയിലേക്ക് നോക്കി നിന്നു. എവിടേയും ജനസാഗരം. ഒറ്റക്കായും കൂട്ടമായും പ്രാർഥനകളിൽ മുഴുകിയിരിക്കുന്നു. ചിലർ ദർഗയുടെ ചാരത്തിരുന്നു സങ്കടം ബോധിപ്പിക്കുന്നു.

ഖാജയെ കുറിച്ചുള്ള നല്ല ഇമ്പമാർന്ന ഖവാലി അവിടെ നിന്നും ഉയർന്ന് കേൾക്കാമായിരുന്നു. ഖവാലി കേൾക്കുന്നതിനും ആളുകൾ കുറവുണ്ടായിരുന്നില്ല. മഖാമിലേക്ക് നേർച്ചയാക്കാൻ വലിയ പുതപ്പ് നിവർത്തിപ്പിടിച്ച് വരുന്നവർ, വലിയ കൊട്ടകളിൽ പനിനീർ പൂവുകളുമായി വരുന്ന സംഘങ്ങൾ…. ഇതിന്റെയൊക്കെ പിറകിൽ അനവധി ചരിത്രങ്ങൾ ഉണ്ടുതാനും.

തിരികെ നടക്കുമ്പോഴും ജനത്തിരക്കിന് യാതൊരു കുറവുമില്ല. റോഡിന്റെ ഇരു വശങ്ങളിലും നേർച്ചയാക്കിയ സുഭിക്ഷമായ ഭക്ഷണങ്ങളും പാനീയങ്ങളും വിതരണം ചെയ്യുന്നുണ്ടായിരുന്നു. കച്ചവടങ്ങളും തകൃതിയാണ്. പല തരം മിഠായികളും പലഹാരങ്ങളും കടകളിൽ സുലഭമാണ്. സാധാരണ ദിവസങ്ങളിൽ റൂമിന് ഒരു ദിവസം മുന്നൂറ് രൂപയാണെങ്കിൽ ഉറൂസ് ദിനങ്ങളിൽ അയ്യായിരം മുതൽ പതിനായിരം വരെ വാടക എത്തി നിൽക്കുന്നു.

മലയാളികളെ കണ്ടാൽ കാശ് പ്രതീക്ഷിച്ചു വരുന്ന ആളുകളും കുറവായിരുന്നില്ല. തിരക്കിനിടയിലും ഇത്തരത്തിലുള്ള ആളുകൾ ഞങ്ങളുടെ പിറകെ കൂടി. പക്ഷേ എന്നെ അത്ഭുതപ്പെടുത്തി വെളുത്ത പൈജാമയും കുർത്തയും ധരിച്ച കുറിയ മനുഷ്യൻ തന്റെ പോക്കറ്റിൽ നിന്നും ഒരു വലിയ സംഖ്യ ആരും കാണാതെ കൈ നീട്ടുന്നവരിലേക്ക് വെച്ച് പോകുന്നു. അയാൾ കൊടുക്കുന്നത് തന്നെ അറിയുന്നില്ലെന്ന് തോന്നി. അയാൾ മറയുന്നത് വരെ അയാളിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞതേയില്ല. സ്റ്റാൻഡിലെത്തി ബസിൽ കയറി നാഗോറിലേക്ക് യാത്ര തിരിക്കുമ്പോഴും അജ്മീർ ഗില്ലികളിലേക്ക് ഞാനന്റെ കണ്ണുകളെ പായിച്ചു. നിലക്കാത്ത ജന പ്രവാഹം. ഒഴുകുകയാണവർ ആ തിരു സവിധത്തിലേക്ക്…
.

 

സി പി മുഹമ്മദ് ഹാശിർ കാടാമ്പുഴ

Latest