Connect with us

Malappuram

ഫിഫ്റ്റിയടിച്ച് മലപ്പുറം; കുതിക്കാനുണ്ട് ഇനിയും ഏറെ ദൂരം

Published

|

Last Updated

മലപ്പുറം ജില്ല ഇന്ന് 50ാം പിറന്നാൾ ആഘോഷിക്കുകയാണ്. വിവിധ മേഖലകളിൽ വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ച് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ വലിയ മുന്നേറ്റം നേടിക്കൊണ്ടിരിക്കുന്നത്.

എൻജിനീയറിംഗ്, മെഡിക്കൽ രംഗത്തും ഈ നേട്ടം ആവർത്തിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വിജയങ്ങളുണ്ടെങ്കിലും ഈ വിദ്യാർഥികൾക്ക് തുടർന്ന് പഠിക്കാൻ ആവശ്യമായ സീറ്റില്ലാത്തത് ഇന്നും ഒരു ചോദ്യചിഹ്നമായി തുടരുകയാണ്.

ആരോഗ്യ രംഗത്തും ജില്ലയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് മാതൃകയാണ്. നിപ്പാ, വെസ്റ്റ് നൈൽ, മസ്തിഷ്‌ക ജ്വരം, ഡിഫ്തീരിയ, എച്ച് വൺ എൻ വൺ രോഗങ്ങൾക്കെതിരെ ആരോഗ്യ പ്രവർത്തകർ സ്വീകരിച്ച ജാഗ്രത ഈ രംഗത്ത് വലിയ മുതൽക്കൂട്ടായത്.
തിരഞ്ഞെടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിലും കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് വിവിധ തരം പരിശോധനകൾ നടത്തുന്നതിന് പബ്ലിക് ഹെൽത്ത് ലാബ് ആരംഭിച്ചതും ആരോഗ്യ രംഗത്തെ നേട്ടങ്ങളാണ്.

എന്നാൽ ഏറെ പ്രതീക്ഷയോടെ 2013 സെപ്തംബറിൽ മഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളജ് പരിമിതികൾ മറികടന്ന് ജനങ്ങൾക്ക് പ്രയോജനം ലഭിക്കാത്തതും താലൂക്ക് ആശുപത്രികളിലും മൂന്ന് ജില്ലാ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങളുടെയും ജീവനക്കാരുടെയും കുറവും ഈ രംഗത്തിന് മങ്ങലേൽപ്പിക്കുന്നുണ്ട്.

ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ജില്ലയിൽ ഇവരുടെ ഉന്നമനത്തിനായി കൃത്യമായ പദ്ധതി ആവിഷ്‌കരിക്കുന്നതിലെ പിഴവുകളും അടിസ്ഥാന വികസന രംഗത്തെ മരവിപ്പും ജില്ലയിൽ മുഴച്ച് നിൽക്കുകയാണ്.
തൊഴിൽ മേഖലയുടെ ഗ്രാഫ് ഇന്നും താഴ്ന്ന് തന്നെയാണ്.

കൂടുതൽ പേർക്ക് ജോലി ലഭിക്കുന്ന വ്യവസായ സംരംഭങ്ങളോ മറ്റു സ്ഥാപനങ്ങളോ ഇന്നും ജില്ലയിൽ നിന്ന് അകന്ന് നിൽക്കുകയാണ്. പ്രവാസികളാണ് ജില്ലയുടെ സമ്പത്ത് വ്യവസ്ഥയെ താങ്ങിനിർത്തുന്നത്. എന്നാൽ ഇവരുടെ പുനരധിവാസം ഇന്നും കൃത്യമായി നടപ്പാക്കാൻ ജില്ലക്ക് കഴിഞ്ഞിട്ടില്ല. വലിയ ജനസാന്ദ്രതയുള്ള ജില്ലയിൽ അനൗദ്യോഗിക കണക്ക് പ്രകാരം 42 ലക്ഷത്തിലധികം ജനങ്ങളുണ്ട്. എന്നാൽ ജനസംഖ്യാ അടിസ്ഥാനത്തിൽ ലഭിക്കേണ്ട ആനുകൂല്യം ഇതുവരെയായി ജില്ലയിൽ നടപ്പാക്കുന്നതിൽ ഭരണകൂടം വിജയം കൈവരിച്ചിട്ടില്ല.
1969 ജൂൺ16നാണ് ഇ എം എസ് മന്ത്രിസഭ ജില്ലക്ക് രൂപം നൽകിയത്. മുസ്‌ലിം ലീഗിലെ സി എച്ച് മുഹമ്മദ് കോയ, അഹമ്മദ് കുരിക്കൾ, അവുക്കാദർ കുട്ടി നഹ എന്നിവർ ഇ എം എസ് മന്ത്രി സഭയിൽ അംഗമായിരിക്കേയാണ് ജില്ല രൂപവത്കരിച്ചത്. പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ അടർത്തിയെടുത്താണ് ജില്ലക്ക് രൂപം നൽകിയത്.

ജില്ലാ രൂപവത്കരണത്തോടൊപ്പം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും അനുവദിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ രൂപവത്കരണമാണ് ജില്ലയിൽ വിദ്യാഭ്യാസ മേഖലക്ക് ഒരുപടി ഉയരാൻ സാധിച്ചത്. പിന്നീട് കരിപ്പൂരിൽ വിമാനത്താവളം വന്നതും ജില്ലക്ക് അനുഗ്രഹമായി. ഇത് ജില്ലയിൽ പ്രവാസി മേഖലക്ക് നൽകിയ ഉണർവ് ചെറുതല്ല.

50 വർഷം പൂർത്തീകരിക്കുന്ന വേളയിലാണ് പുതിയ കലക്ടർ ജാഫർ മാലിക് അധികാരമേൽക്കുന്നത്. ജില്ലയുടെ വികസനത്തിന് ഇദ്ദേഹം വേഗം കൂട്ടുമോയെന്നാണ് ഇനി മലപ്പുറത്തുകാർ ഉറ്റുനോക്കുക.