Connect with us

Kerala

തര്‍ക്കം പൊട്ടിത്തെറിയിലേക്ക്; ജോസ് കെ മാണി വിളിച്ച യോഗത്തില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് ജോസഫിന്റെ കത്ത്

Published

|

Last Updated

കോട്ടയം: ജോസ് കെ മാണി വിളിച്ച കേരള കോണ്‍ഗ്രസ്എം സംസ്ഥാന സമിതി യോഗം ഇന്നു ചേരാനിരിക്കെ, യോഗത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പിജെ ജോസഫ് കത്തയച്ചു. ഇമെയിലായാണു ജോസഫ് സന്ദേശമയച്ചിരിക്കുന്നത്. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്നു ജോസഫ് സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമിതി യോഗം ഇന്നു വിളിച്ചുചേര്‍ക്കാന്‍ വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററിലാണു യോഗം . പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന കമ്മിറ്റിയിലെ 127 അംഗങ്ങള്‍ ഒപ്പിട്ട രേഖാ മൂലമുള്ള കത്ത് കഴിഞ്ഞ മൂന്നിനു വര്‍ക്കിംഗ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കു കൈമാറിയിരുന്നു. ഈ ആവശ്യം ജോസഫ് പല തവണ തള്ളിയ സാഹചര്യത്തിലാണു ജോസ് കെ മാണി വിഭാഗം യോഗം വിളിച്ചിരിക്കുന്നത്.

ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത് . അതേ സമയം യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടനടപടിയെടുക്കാനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനുമൊരുങ്ങുകയാണ് ജോസഫ് വിഭാഗമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest