പോലീസുകാരിയുടെ അരുംകൊലയില്‍ കലാശിച്ചത് സൗഹൃദത്തിലെ വിള്ളല്‍

Posted on: June 15, 2019 11:39 pm | Last updated: June 16, 2019 at 10:30 am

തിരുവനന്തപുരം: മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ക്രൂരമായ കൊലപാതകത്തിന് ഇടയാക്കിയത് സൗഹൃദത്തിലുണ്ടായ അസ്വാരസ്യമെന്ന് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട മാവേലിക്കര വള്ളിക്കുന്നം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്‌കരനും തീകൊളുത്തിയ വാഴക്കാല സ്വദേശി അജാസും സുഹൃത്തുക്കളായിരുന്നു. പോലീസിന്റെ പരിശീലന പരിപാടിയില്‍ ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തിരുന്നത്. അജാസായിരുന്നു സൗമ്യയുടെ പരിശീലകനെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

കൃത്യം നടത്തുന്നതിനിടെ 50 ശതമാനത്തിലധികം പൊള്ളലേറ്റ അജാസ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇയാള്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ പോലീസിന് മൊഴി രേഖപ്പെടുത്താനായിട്ടില്ല. എത്രയും വേഗം മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. എങ്കില്‍ മാത്രമേ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ഒരു കൊലപാതകത്തിലേക്ക് എത്തും വിധത്തില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നം എന്തായിരുന്നുവെന്ന് കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ആലുവ ട്രാഫിക് പോലീസുകാരനായ അജാസ് ജൂണ്‍ ഒന്‍പത് മുതല്‍ മെഡിക്കല്‍ ലീവിലായിരുന്നു.

ഇന്ന് വൈകീട്ടാണ് മാവേലിക്കര വള്ളിക്കുന്നത്ത് വെച്ച് സൗമ്യയെ അജാസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്ന സൗമ്യയെ കാറിലെത്തിയ പ്രതി ഇടിച്ചുവീഴ്ത്തുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ഇവിടെ നിന്ന് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയ സൗമ്യയെ പ്രതി പിന്തുടരുകയും വടവാളുകൊണ്ട് അക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സൗമ്യയെ തീകൊളുത്തിയതിന് ശേഷം അജാസ് സ്വയം തീകൊളുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ അജാസിന്റെ മൊഴി പ്രധാനമാണ്.

മരിച്ച സൗമ്യക്ക് മൂന്ന് കുട്ടികളുണ്ട്. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.