ലൈസന്‍സില്ല;ടി നസിറുദ്ദീന്റെ മിഠായിത്തെരുവിലെ കട അധികൃതര്‍ അടപ്പിച്ചു

Posted on: June 15, 2019 3:04 pm | Last updated: June 15, 2019 at 3:42 pm

കോഴിക്കോട്: ലൈസന്‍സില്ലാതെ നഗരത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന കട കോര്‍പ്പറേഷന്‍ അടച്ചുപൂട്ടി. വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് ടി നസിറുദ്ദീന്റെ ഉടമസ്ഥതയിലുള്ള മിഠായിത്തെരുവിലെ കടയാണ് പൂട്ടിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി ലൈസന്‍സില്ലാതെയാണ് കട പ്രവര്‍ത്തിച്ച് വരുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. നാല് തവണ ലൈസന്‍സ് എടുക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചെങ്കിലും മറുപടിയില്ലാത്ത പശ്ചാത്തലത്തിലാണ് കട അടച്ചുപൂട്ടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേ സമയം കട അടപ്പിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ തര്‍ക്കവുമുണ്ടായി. ഒരു പൊതുപരിപാടിയില്‍ തന്റെ കടക്ക് ലൈസന്‍സില്ലെന്നും മറ്റുള്ളവരും ലൈസന്‍സ് എടുക്കേണ്ടതില്ലെന്നും പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍ നടപടികളുമായി മുന്നോട്ട് നീങ്ങിയത്. അതേ സമയം ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമാണ് കട പൂട്ടിച്ചതെന്ന് നസറുദ്ദീന്‍ ആരോപിച്ചു. ഇത്തരം വ്യാപാര സ്ഥാപനത്തിന് ലൈസന്‍സ് ആവശ്യമില്ലെന്നു കോടതി ഉത്തരവുണ്ടെന്നും അദ്ദേഹം പറഞ്ഞു.