സി ഐ. നവാസിനെ കണ്ടെത്താന്‍ എഫ് ബിയില്‍ അറിയിപ്പ് നല്‍കി പോലീസ്

Posted on: June 14, 2019 11:57 pm | Last updated: June 15, 2019 at 10:11 am

കോഴിക്കോട്: കാണാതായ എറണാകുളം സെന്‍ട്രല്‍ സി ഐ. വി എസ് നവാസിനെ കണ്ടെത്തുന്നതിന് ഫേസ് ബുക്ക് പേജില്‍ അറിയിപ്പ് നല്‍കി കേരള പോലീസ്. കാണാതായ സമയത്ത് നവാസ് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ വിവരങ്ങളുള്‍പ്പടെ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത അറിയിപ്പില്‍ നല്‍കിയിട്ടുണ്ട്.

കടും നീല നിറത്തിലുള്ള ഷര്‍ട്ടും മങ്ങിയ വെള്ള പാന്റ്‌സുമാണ് നവാസ് ധരിച്ചിരുന്നതെന്നും കൈയില്‍ ഹാന്‍ഡ് ബാഗ് ഉണ്ടായിരുന്നതായും അറിയിപ്പില്‍ പറയുന്നു.

നവാസിനെ കണ്ടെത്തുന്നതിന് നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ സ്റ്റുവര്‍ട്ട് കീലര്‍, പാലാരിവട്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ പി എസ് ശ്രീജേഷ്, എന്നിവരുള്‍പ്പെട്ട 20 അംഗ സംഘത്തിനാണ് രൂപം നല്‍കിയിട്ടുള്ളത്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ ഡി ജി പി. ഡോ, ഷെയ്ക്ക് ദര്‍വേശ് സാഹിബ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെ എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

നവാസിനെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഭാര്യ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചി എ സി പി. സുരേഷ് കുമാറിനെ ഡി സി പി ചോദ്യം ചെയ്തിരുന്നു. ഒരുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് നടന്നത്. അന്വേഷണം നടക്കട്ടെയെന്നും പൂര്‍ണമായി സഹകരിക്കുമെന്നുമായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം.