മത്സ്യസമ്പത്തിന് മരണമണിയൊരുക്കി നാട്ടിൻപുറങ്ങളിലെ മീൻവേട്ട

Posted on: June 14, 2019 8:45 am | Last updated: June 14, 2019 at 5:48 pm
നാട്ടിൻപുറത്ത് പിടിച്ചെടുത്ത വരാൽ, പരൽ മത്സ്യങ്ങൾ

തിരുന്നാവായ: ശുദ്ധജല മത്സ്യസമ്പത്ത് പൂർണമായി നശിപ്പിക്കുന്ന രീതിയിൽ നാട്ടിൻപുറങ്ങളിൽ മത്സ്യവേട്ട തകൃതി. പുതുമഴയിൽ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറുതോടുകളിലേക്കും പുഴയിൽ നിന്നും മറ്റു ജലാശയങ്ങളിൽ നിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ കയറിവരുന്ന മഴക്കാലത്ത് അവയെ പ്രജനനത്തിനോ അവയുടെ സുഗമമായ പ്രയാണത്തിനോ അനുവദിക്കാതെ പൂർണമായി പിടികൂടി വംശനാശത്തിന് കാരണമാകുംവിധമുള്ള മത്സ്യവേട്ടയാണ് നടക്കുന്നത്.

ഊത്ത എന്ന പേരിൽ അറിയപ്പെടുന്ന ഈ മത്സ്യപ്രയാണം കേരളത്തിലെ എല്ലാ പുഴതീര ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ മാസം കാണാറുണ്ട്. ഊത്തക്കയറ്റം, ഊത്തയിളക്കം, ഊത്തൽ, ഏറ്റീൻ കയറ്റം എന്നിങ്ങനെ ഊത്തക്ക് പ്രാദേശിക പേരുകളുണ്ട്. പ്രജനനകാലത്തെ മത്സ്യങ്ങളുടെ ഈ ദേശാന്തര ഗമനം ഇന്ന് ഇവയുടെ നാശത്തിനു തന്നെ കാരണമായിരിക്കുന്നുവെന്ന് ഈ രംഗത്ത് നിരീക്ഷണം നടത്തുന്ന ഡോ. സി പി ഷാജി, സാദിഖ് തിരുന്നാവായ, ഹാമിദലി വാഴക്കാട് എന്നിവർ പറയുന്നു.
ഊത്തകയറ്റത്തിന്റെ സമയത്ത് അവയെ പിടിക്കാൻ എളുപ്പമാണ്. മറ്റ് സമയങ്ങളിൽ കാണിക്കുന്ന അതിജീവന സാമർഥ്യങ്ങളൊന്നും ഈ പൂർണ ഗർഭാവസ്ഥയിൽ മത്സ്യങ്ങൾക്ക് സാധ്യമല്ല. പ്രജനനകാലത്തെ മീൻവേട്ട കാരണം പല നാടൻ മത്സ്യങ്ങളും ഇന്ന് വംശനാശ ഭീഷണിയിലാണ്.

എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശ ഭീഷണിയിലാണെന്ന് മത്സ്യഗവേഷകൻ കൂടിയായ ഡോ. സി പി ഷാജി നടത്തിയ പഠനത്തിൽ പറയുന്നു. മീനുകളുടെ സഞ്ചാരപാതയിൽ പത്താഴം എന്നും കൂട് എന്നും വിളിക്കുന്ന കെണിയൊരുക്കിയുള്ള രീതിയാണ് ഏറെ അപകടം. ഇതിനുപുറമേ ഒറ്റാൽ, വല, വെട്ട് എന്നിവ കൂടാതെ നഞ്ച് കലക്കിയും മത്സ്യങ്ങളെ പിടികൂടുന്നുണ്ട്.