പി വി അന്‍വറിന്റെ ബന്ധുവിന്റെ തടയണ പൊളിച്ചു മാറ്റാന്‍ കലക്ടര്‍ക്ക് ഹൈകോടതിയുടെ അന്ത്യശാസനം

Posted on: June 14, 2019 3:01 pm | Last updated: June 14, 2019 at 8:27 pm

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ഹൈകോടതിയുടെ അന്ത്യശാസനം. 15 ദിവസത്തിനകം തടയണ പൊളിച്ചു നീക്കണമെന്ന് കോടതി ഉത്തരവിട്ടു. തടയണ പൊളിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ തടയണ പൊളിച്ചുമാറ്റണമെന്ന മുന്‍ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. തടയണയുടെ ഉടമ ഉത്തരവ് പാലിച്ചില്ലെങ്കില്‍ തടയണ സര്‍ക്കാര്‍ പൊളിക്കണം. ഇനിയൊരു ദുരന്തം വരാനിടയാകരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.തടയണ പൊളിക്കാന്‍ ഏപ്രില്‍ 10ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.