Connect with us

Kerala

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ ഏജന്‍സിക്ക് കൈമാറില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: നിലവില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും ഇത് സ്വകാര്യ ഏജന്‍സിക്ക് കൈമാറാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. കേരളത്തിന്റെ പൊതുസ്വത്തായ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സി ദിവാകരന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും വിമാനത്താവളം വികസിപ്പിക്കാനാവില്ല. അതിനാല്‍ സ്വകാര്യവത്കരണ നടപടികള്‍ നിര്‍ത്തിവെച്ച് നടത്തിപ്പ് ചുമതല സംസ്ഥാനത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും കത്തയച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറുകയോ നിലവിലുള്ള സംവിധാനം തുടരുകയോ ചെയ്യാനാവശ്യമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നും സ്വീകരിക്കും. 1932ല്‍ സ്ഥാപിച്ച, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിരോധിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളുടെ നിര്‍മാണത്തിലും നടത്തിപ്പിലുമുള്ള പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും ഭാവി വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ ബിഡിനുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയി. തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് എന്ന ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കുകയും മത്സരാധിഷ്ഠിത ലേലത്തില്‍ പങ്കെടുക്കുകയും ചെയ്തു.

കമ്പനിക്ക് റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂണല്‍ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 10 ശതമാനം മാത്രം നിരക്ക് വ്യത്യാസം എന്ന ഉപാധിയോടെയാണ് ആവശ്യം അംഗീകരിച്ചത്. ഇക്കാരണത്താല്‍ കെ എസ് ഐ ഡി സിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഈ പ്രത്യേക കമ്പനിക്ക് ബിഡ് ലഭിച്ചില്ല. മറിച്ച് വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു മുന്‍കാല പരിചയവുമില്ലാത്ത സ്ഥാപനമായ അദാനി എന്റര്‍പ്രൈസസിനാണ് ബിഡ് ലഭിച്ചത്. ഈ സ്ഥാപനത്തിന് ബിഡ് അവാര്‍ഡ് ചെയ്യുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും കെ എസ് ഐ ഡി സിയും ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. ഹരജിയില്‍ കോടതി വിധിക്ക് വിധേയമായിട്ടായിരിക്കും അവാര്‍ഡ് എന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest