Connect with us

Saudi Arabia

ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്

Published

|

Last Updated

മക്ക : ഈ വര്‍ഷത്തെ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇതുവരെ എഴുപത്തി അഞ്ച് ലക്ഷം ഉംറ വിസയാണ് തീര്‍ത്ഥാടകര്‍ക്കായി അനുവദിച്ചത്. വിഷന്‍ 2030 ന്റെ ഭാഗമായി ഉംറ തീര്‍ഥാടകരെ ലഷ്യമിട്ടാണ് കൂടുതല്‍ വിസകള്‍ അനുവദിച്ചിരിക്കുന്നത്.

പ്രതിവര്‍ഷം മുപ്പത് മില്യണ്‍ തീര്‍ഥാടകരെയാണ് സഊദി അറേബ്യ പ്രതീക്ഷിക്കുന്നതെന്ന് സഊദി ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മുശാത്ത് പറഞ്ഞു. ഹജ്ജ് -ഉംറ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ “മഖാം” വഴി ഉംറ തീര്‍ഥാടകര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് അപേക്ഷിക്കാവുന്ന സംവിധാനം നിലവില്‍ വന്നതോടെയാണ് തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്

“മഖാം” വഴി വിസനടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. കൂടാതെ ഇരു ഹറമുകളിലും ഉംറ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ പാക്കേജുകള്‍ ഇനി മുതല്‍ യദേഷ്ടം തിരഞ്ഞെടുക്കാന്‍ കഴിയും. ഹറമുകളിലെ ഹോട്ടല്‍ നിരക്കുകള്‍. കമ്പനികള്‍ തീര്‍ത്ഥാടകര്‍ക്കായി നല്‍കുന്ന സേവനങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ വഴി തിരഞ്ഞെടുക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരമുണ്ട്

72,01,851 ഉംറ തീര്‍ത്ഥാടകര്‍ വിശുദ്ധ ഉംറ കര്‍മ്മങ്ങള്‍ക്കായി ഇതിനകം സഊദിയിലെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണ് പതിനഞ്ച് ലക്ഷവും ഇന്തോനേഷ്യയില്‍ നിന്ന് ഒമ്പത് ലക്ഷം പേരും ഇന്ത്യയില്‍ നിന്ന് ആറ് ലക്ഷം തീര്‍ഥാടകരുമാണ് എത്തിയിരിക്കുന്നത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

അറുപത്തി മൂന്ന് ലക്ഷം തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കാനെത്തിയത് വിമാന മാര്‍ഗമാണ്. ഒരുലക്ഷത്തി പത്തൊന്‍പതിനായിരം പേര്‍ കപ്പല്‍ വഴിയും. ആറ് ലക്ഷത്തി തൊണ്ണൂറ്റി ആറായിരം പേര്‍ റോഡ് മാര്‍ഗവുമാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. ആഭ്യന്തര യുദ്ധം മൂലം യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.