മഞ്ചേരി മെഡിക്കൽ കോളജിൽ 12 അനധ്യാപക തസ്തികകൾ

Posted on: June 13, 2019 12:46 pm | Last updated: June 13, 2019 at 12:46 pm


തിരുവനന്തപുരം: മഞ്ചേരി മെഡിക്കൽ കോളജിന്റെ സുഗമമായ പ്രവർത്തനത്തിനും ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡപ്രകാരമുള്ള തസ്തികകൾ ഉറപ്പാക്കുന്നതിനും വേണ്ടി 12 അനധ്യാപക തസ്തികൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഒരു സീനിയർ സൂപ്രണ്ട്, ഒരു ജൂനിയർ സൂപ്രണ്ട്, ആറ് ക്ലാർക്ക്, ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, ഒരു മെഡിക്കൽ റെക്കോർഡ് സൂപ്രണ്ട്, ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2, ഒരു തീയറ്റർ മെക്കാനിക് ഗ്രേഡ് 2 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്.

മറ്റ് മെഡിക്കൽ കോളജുകളെ പോലെ മഞ്ചേരി മെഡിക്കൽ കോളജും മികവിന്റെ കേന്ദ്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ജില്ലയിലെ മികച്ച ആശുപത്രിയെന്ന നിലയിലും മലയോര-തീരദേശ മേഖലയിൽ നിന്നുള്ള രോഗികൾക്ക് ഒരുപോലെ പ്രാപ്യമെന്ന നിലയിലും ആശുപത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാർഡിയോളജി വിഭാഗം ശക്തിപ്പെടുത്തുകയും എട്ട് കോടി മുതൽ മുടക്കി കാത്ത് ലാബ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ന്യൂറോളജി വിഭാഗം ഡോക്ടറുടെ സേവനവും ലഭ്യമാക്കി.

2.85 കോടി ചെലവിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി ഒ പി ഡി ട്രാൻസ്‌ഫർമേഷന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നിലവിൽ ഇവിടെ എം ബി ബി എസ് കോഴ്‌സ് മാത്രമാണുള്ളത്. പി ജി കോഴ്‌സ് ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രിയുടെയും കോളജിന്റെയും സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് തസ്തിക സൃഷ്ടിച്ചത്. മഞ്ചേരിയുൾപ്പെടെ സർക്കാർ മെഡിക്കൽ കോളജുകളിൽ 25 ശതമാനം സീറ്റുകൾ വർധിപ്പിക്കുന്നതിന് എം സി ഐക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

2013 സെപ്തംബറിൽ പ്രവർത്തനം ആരംഭിച്ച മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിന് മതിയായ സൗകര്യമില്ലാത്തതിനാൽ അംഗീകാരം നഷ്ടമായി ക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഈ സർക്കാർ അധികാരത്തിൽ വരുന്നത്. തുടർന്ന് എം സി ഐ ചുണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിച്ച് അംഗീകാരം നിലനിർത്തി. ഇതിനായി അധ്യാപകരുടെ 10 തസ്തികകൾ സൃഷ്ടിച്ചു. ഫാക്കൽറ്റി ഒഴിവുകൾ പുതിയ നിയമനം വഴിയും ഡെപ്യൂട്ടേഷൻ വഴിയും നികത്തി.