വരുന്നൂ, ഓപൺ യൂനിവേഴ്‌സിറ്റി

2020-21 അധ്യയന വർഷം പ്രവർത്തനം തുടങ്ങും  ••• വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ ഈ വർഷം കൂടി മാത്രം
Posted on: June 13, 2019 11:17 am | Last updated: June 13, 2019 at 11:17 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപൺ യൂനിവേഴ്‌സിറ്റി തുടങ്ങുന്നു. വിവിധ സർവകലാശാലകൾ നടത്തുന്ന വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് കോഴ്‌സുകൾ ഒരു കുടക്കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണിത്. അടുത്ത അധ്യയന വർഷം മുതൽ പ്രവർത്തനം തുടങ്ങും വിധം ക്രമീകരണങ്ങൾ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓപൺ യൂനിവേഴ്‌സിറ്റി ആരംഭിക്കുന്നതോടെ കേരള, കാലിക്കറ്റ്, കണ്ണൂർ യൂനിവേഴ്‌സിറ്റികളിലെ വിദൂര വിദ്യാഭ്യാസ വിഭാഗവും എം ജി യൂനിവേഴ്‌സിറ്റിയിലെ പ്രൈവറ്റ് മോഡ് രജിസ്‌ട്രേഷനും അവസാനിപ്പിക്കും. ഈ കോഴ്‌സുകളുടെയെല്ലാം നടത്തിപ്പ് പുതുതായി വരുന്ന യൂനിവേഴ്‌സിറ്റിക്ക് കീഴിലാകും.

സർവകലാശാലകളുടെ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും വൈകുന്നത് അടക്കമുള്ള പ്രശ്‌നങ്ങൾ പുതിയ സംവിധാനം വരുന്നതോടെ പരിഹരിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഓപൺ യൂനിവേഴ്‌സിറ്റി ആരംഭിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ കേരള സർവകലാശാല മുൻ പി വി സി. ജെ പ്രഭാഷിനെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ചിരുന്നു. അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ട് ഇന്നലെ മന്ത്രിക്ക് സമർപ്പിച്ചു. പുതിയ സർവകലാശാലയുടെ ആസ്ഥാനം എവിടെ വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കോഴിക്കോടിനാണ് മുഖ്യ പരിഗണന.

യൂനിവേഴ്‌സിറ്റികളിൽ നിലവിലുള്ള ഡിസ്റ്റൻസ് എജ്യുക്കേഷൻ വിഭാഗവും അനുബന്ധ സൗകര്യങ്ങളും പുതിയ സർവകലാശാലയുടെ മേഖലാ ഓഫീസുകളായി മാറും. ഇവിടുത്തെ ജീവനക്കാർക്കും അനുസൃതമായ മാറ്റമുണ്ടാകും. വി സി, പി വി സി, രജിസ്ട്രാർ തുടങ്ങി മറ്റ് സർവകലാശാലകൾക്കുള്ള മേധാവികളെല്ലാം പുതിയതിനും വരും. സർവകലാശാല രൂപവത്കരിക്കുന്നതിനായി പ്രത്യേക നിയമനിർമാണവും നടത്തും.

നിലവിലെ സർവകലാശാലകളിലെ പ്രൈവറ്റ് രജിസ്‌ട്രേഷൻ ഈ അധ്യയനം വർഷം കൂടി തുടരും. 2020 മുതൽ പുതിയ യൂനിവേഴ്‌സിറ്റിയിലാകും രജിസ്‌ട്രേഷൻ. മാനവിക വിഷയങ്ങൾക്ക് പുറമേ സയൻസ് വിഷയങ്ങൾ കൂടി ഓപൺ യൂനിവേഴ്‌സിറ്റികളിലുണ്ടാകും. പ്രവേശനം, പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം, ഭരണ സംവിധാനം തുടങ്ങിയവ പൂർണമായി ഓൺലൈൻ രീതിയിലാകും.