വില കുതിക്കുന്നു; ആഭ്യന്തര വിപണിയില്‍ റബ്ബര്‍ കിട്ടാനില്ല

Posted on: June 13, 2019 11:03 am | Last updated: June 13, 2019 at 1:32 pm

കോട്ടയം: നീണ്ട ഇടവേളക്ക് ശേഷം റബ്ബര്‍ വില കുതിച്ചുയരുന്നു. എന്നാല്‍ നല്ലൊരു വിഭാഗം കര്‍ഷകരും കൃഷിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ആഭ്യന്തര വിപണയില്‍ ആവശ്യത്തിന് റബ്ബര്‍ ലഭിക്കാത്ത അവസ്ഥയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായണ് റബ്ബര്‍ വില 150 കടന്നത്. നേരത്തെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് വ്യാപാരികളും കര്‍ഷകരും സംഭരണം നിര്‍ത്തിയതു കാരണമാണ് ആഭ്യന്തര വിപണിയില്‍ റബറിന് ക്ഷാമം നേരിടുന്നത്. പല എസ്റ്റേറ്റുകളിലും ടാപ്പിംഗ് പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ചിലര്‍ ഷീറ്റ് റബ്ബറില്‍ നിന്നും ലാറ്റക്‌സിലേക്ക് മാറിയതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

2017 ജൂണിലായിരുന്നു അവസാനമായി ആര്‍ എസ് 4 വില 150 കടന്നത്. അന്ന് 165 രൂപ വരെയെത്തി പിന്നീട് 110ലേക്ക് താഴുകയായിരുന്നു. പിന്നീട് ഇന്നലെയാണ് റബ്ബര്‍ വില 150 കടന്നത്. കോട്ടയത്ത് 155 രൂപക്ക് വരെ വ്യാപാരം നടന്നു .ചരക്ക് കിട്ടാനുള്ള താമസവും വിലവര്‍ദ്ദനയും കാരണം ആഭ്യന്തര വിപണിയിലാണ് ടയര്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് റബ്ബര്‍ ശേഖരിക്കുമ്പോള്‍ റബ്ബര്‍ ബോര്‍ഡ് നല്‍കുന്ന വിലയേക്കാള്‍ അഞ്ച് രൂപ കൂടുതല്‍ നല്‍കിയാണ് കമ്പനികള്‍ റബ്ബര്‍ ശേഖരിക്കുന്നത്.

അനുകൂല സാഹചര്യം മുന്‍നിര്‍ത്തി നിര്‍ത്തിവെച്ചിരിക്കുന്ന ടാപ്പിംഗ് പുനരാരംഭിക്കാന്‍ കര്‍ഷകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.