പാക് പോരാട്ടം വിഫലം; 41 റണ്‍സിന്റെ വിജയം ആഘോഷിച്ച് ഓസീസ്

   
Posted on: June 12, 2019 11:06 pm | Last updated: June 13, 2019 at 1:55 pm

ടൊന്റണ്‍: ബൗളിംഗില്‍ കാണിച്ച പോരാട്ട വീര്യം ബാറ്റിംഗില്‍ കാഴ്ചവെക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞില്ല. ഓസീസ് മുന്നോട്ടു വച്ച 308 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാക്കിസ്ഥാന്‍ 42 റണ്‍സിനിപ്പുറം ഇടറി വീണു. സ്‌കോര്‍: ആസ്‌ത്രേലിയ-49 ഓവറില്‍ 307, പാക്കിസ്ഥാന്‍-45.4 ഓവറില്‍ 266.

മൂന്നു പന്തു മാത്രം നേരിട്ട ഓപ്പണര്‍ ഫഖര്‍സമാനെ അക്കൗണ്ട് തുറക്കും മുമ്പ് പുറത്താക്കി കമ്മിന്‍സാണ് പാക്കിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നീട് ഓപ്പണര്‍ ഇമാമുല്‍ ഹഖും ബാബര്‍ അസമും ചേര്‍ന്ന സ്‌കോറുയര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍, സ്‌കോര്‍ 56ലെത്തിയപ്പോള്‍ 30 റണ്‍സെടുത്ത അസമും കമ്മിന്‍സിന് വിക്കറ്റു നല്‍കി മടങ്ങി.

തുടര്‍ന്നെത്തിയ ഇമാമുല്‍ ഹഖും (53), മുഹമ്മദ് ഹഫീസും (46), വഹാബ് റിയാസും മികച്ച രീതിയില്‍ ബാറ്റു വീശി ടീമിനെ വിജയത്തിനരികിലേക്കു കൊണ്ടുപോയെങ്കിലും ലക്ഷ്യം നേടാനായില്ല. എട്ടു വിക്കറ്റ് വരെ കടുത്ത പോരാട്ടം നടത്തിയാണ് പാക്കിസ്ഥാന്‍ കീഴടങ്ങിയത്. അവസാന രണ്ടു വിക്കറ്റുകള്‍ തുടരെ തുടരെ കടപുഴകിയതോടെ പോരാട്ടം അവസാനിച്ചു. ഗംഭീരമായി പന്തെറിഞ്ഞ പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി ഓസീസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

നേരത്തെ, വന്‍ സ്‌കോറിലേക്കു കുതിക്കുകയായിരുന്ന ഓസീസിനെ അവസാന ഓവറുകളില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ പാക്കിസ്ഥാനായി. പാക് ബൗളര്‍ മുഹമ്മദ് അമീറിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇതിനു സഹായിച്ചത്. ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറി കരുത്തില്‍ (107) കുതിച്ച ഓസീസ് ആമിറിനു മുമ്പില്‍ കിതച്ചു വീഴുകയായിരുന്നു. മുന്‍നിര തിളക്കമേറിയ പ്രകടനം കാഴ്ചവച്ചപ്പോള്‍ മധ്യനിര പരാജയപ്പെട്ടു.

ഓപ്പണര്‍മാരായ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് 146 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും അതിന്റെ ആനുകൂല്യം മറ്റുള്ളവര്‍ക്ക് മുതലെടുക്കാനായില്ല. വാര്‍ണര്‍ക്കു പുറമെ 84 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും ഓസീസ് നിരയില്‍ മികച്ച പ്രകടനം നടത്തി. വിലക്കിനു ശേഷം തിരിച്ചെത്തിയ വാര്‍ണറുടെ ആദ്യ സെഞ്ച്വറിയാണിത്.

സ്റ്റീവന്‍ സ്മിത്ത് (10), ഗ്ലെന്‍ മാക്സ്വെല്‍ (20), ഷോണ്‍ മാര്‍ഷ് (23), ഉസ്മാന്‍ ഖവാജ (18), നഥാന്‍ കോള്‍ട്ടര്‍ നെയില്‍ (രണ്ട്), പാറ്റ് കമ്മിന്‍സ് (രണ്ട്), മിച്ചേല്‍ സ്റ്റാര്‍ക്ക് (മൂന്ന്) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ പുറത്താകാതെ നിന്നു. പാക് നിരയില്‍ ആമിറിനു പുറമെ ഷഹീന്‍ അഫ്രിദീ രണ്ടും, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.