പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ നിര്യാതനായി

Posted on: June 12, 2019 7:13 pm | Last updated: June 12, 2019 at 7:13 pm

കൊച്ചി: പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ നിര്യാതനായി. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പഞ്ചവാദ്യത്തിലെ തിമിലയില്‍ വിസ്മയം തീര്‍ത്ത കലാകാരനായ പരമേശ്വര മാരാര്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട മഠത്തില്‍ വരവ് പഞ്ചവാദ്യത്തിലെ മേളപ്രമാണിയായിരുന്നു. 47 വര്‍ഷത്തോളം തിരുവമ്പാടി വിഭാഗത്തിന്റെ വാദ്യമേളത്തില്‍ പങ്കാളിയായി.

കലാമണ്ഡലത്തില്‍ അധ്യാപകനായിരിക്കെ വാദ്യത്തില്‍ പരമേശ്വര മാരാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ശ്രദ്ധേയമായി. തിമില പഠനത്തിനുള്ള പാഠ്യ പദ്ധതി പരിഷ്‌കരിച്ചതും അദ്ദേഹമായിരുന്നു. വിദേശങ്ങളില്‍ നടന്ന നിരവധി പഞ്ചവാദ്യ അവതരണങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
തൃശൂര്‍ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തിലാണ് മാരാര്‍ ജനിച്ചത്. കേരള കലാമണ്ഡലത്തിലെ തിമില പരിശീലനത്തിനുള്ള ആദ്യ ബാച്ച് വിദ്യാര്‍ഥിയായിരുന്നു. കലാമണ്ഡലത്തില്‍ അരങ്ങേറ്റം കഴിഞ്ഞ ശേഷം പല്ലാവൂര്‍ സഹോദരന്മാര്‍ക്കു കീഴില്‍ രണ്ടു വര്‍ഷത്തെ അധിക പരിശീലനവും മാരാര്‍ നേടി.