സഊദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; ഇന്ത്യക്കാരിയടക്കം 26 പേര്‍ക്ക് പരുക്ക്

Posted on: June 12, 2019 5:10 pm | Last updated: June 12, 2019 at 6:26 pm

റിയാദ്: യെമനിലെ ഹൂതി വിമതര്‍ സഊദിയിലെ അബാ രാജ്യാന്തര വിമാനത്താവളത്തിന് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ 26 യാത്രക്കാര്‍ക്ക് പരുക്ക്. ഇന്ത്യ, യെമന്‍, സഊദി രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു സ്ത്രീകളും രണ്ട് സഊദി കുട്ടികളും പരുക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എട്ട് പേരുടെ പരുക്ക് ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.ക്രൂസ് മിസൈല്‍ ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഹൂതി വിമതര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.മേയ് അവസാനം മക്കയെയും ജിദ്ദയെയും ലക്ഷ്യമാക്കി വിമതര്‍ തൊടുത്ത മിസൈലുകള്‍ സഊദി തകര്‍ത്തിരുന്നു.