Connect with us

Articles

വിമാനത്താവളങ്ങളും തീറെഴുതുകയാണ്‌

Published

|

Last Updated

കുത്തക മുതലാളിത്ത ഭരണകൂടങ്ങള്‍ സാധാരണക്കാരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും താത്പര്യങ്ങളെയല്ല ഒരിക്കലും പരിഗണിക്കാറില്ല. കുത്തക മുതലാളിത്ത ഭരണകൂടങ്ങള്‍ ലോകത്തൊട്ടാകെ ചെയ്യുന്നതും ഇത് തന്നെയാണ്. വന്‍കിട കുത്തകകളുടെയും മുതലാളിത്വത്തിന്റെയും താത്പര്യങ്ങള്‍ക്ക് നിര്‍ലജ്ജം ഇത്തരം ഭരണകൂടങ്ങള്‍ പിന്തുണ നല്‍കുന്നു. ഇപ്പോഴും ഇതില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഭരണകൂടവും സാമ്രാജ്യത്വത്തിന്റെയും കുത്തക ഭീമന്‍മാരുടെയും താത്പര്യങ്ങള്‍ തന്നെയാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തം. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ തുടങ്ങിവെച്ച സ്വകാര്യവത്കരണവും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കലും കൂടുതല്‍ ശക്തിപ്പെടുത്തി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇതിനകം തന്നെ രാജ്യത്തെ ബഹുഭൂരിപക്ഷം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്.

വിമാനത്താവളങ്ങള്‍, റയില്‍വേ സ്റ്റേഷനുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയവയെല്ലാം വിറ്റഴിക്കാനുള്ള ശക്തമായ നടപടികളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തും വന്‍കിട കുത്തകയുമായ അദാനിക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം, മാംഗളൂര്‍ എന്നിവയടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് വിട്ടു നല്‍കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അടുത്ത മാസം കേന്ദ്ര മന്ത്രിസഭ അന്തിമ അനുമതി നല്‍കിയേക്കും.

എയര്‍പോര്‍ട്ട്‌സ് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ആറ് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറുന്ന നടപടികള്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ കൈമാറ്റ നടപടികള്‍ വീണ്ടും ചൂടുപിടിച്ചു. സംസ്ഥാന സര്‍ക്കാറിന് നിയന്ത്രണം വിട്ടുകിട്ടണമെന്ന അഭ്യര്‍ഥന തള്ളിയാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉറ്റ ബന്ധമുള്ള പ്രമുഖ വ്യവസായി ആണ് അദാനി എന്റര്‍പ്രൈസസ് ഉടമ ഗൗതം അദാനി.

തിരുവനന്തപുരം, മാംഗളൂരു എന്നിവക്ക് പുറമെ അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് അമ്പത് വര്‍ഷ പാട്ടത്തിന് അദാനി ഗ്രൂപ്പിന് കൈമാറുന്നത്. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് വഴി ഈ രംഗത്ത് പ്രമുഖരായ ജി എം ആര്‍ ഗ്രൂപ്പിനെ തള്ളിമാറ്റിയാണ് അദാനി ഗ്രൂപ്പ് ലേലത്തില്‍ വിജയിച്ചത്. തുറമുഖം, ഖനനം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ അതികായരായ അദാനി ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പില്‍ പുതുമുഖങ്ങളാണ്. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായി വിമാനത്താവളങ്ങളെ മാറ്റുക വഴി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവര്‍ഷം 1300 കോടി അധിക വരുമാനം ഉണ്ടാകുമെന്നാണ് ഔദ്യോഗികമായി കണക്കാക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും 168 രൂപ എന്ന നിരക്കിലാണ് അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട്‌സ് അതോറിറ്റിക്ക് നല്‍കേണ്ടത്. 135 രൂപ വീതം നല്‍കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിനു വേണ്ടി ലേലത്തില്‍ പങ്കെടുത്ത കെ എസ് ഐ ഡി സിയുടെ വാഗ്ദാനം. മാംഗളൂരില്‍ അദാനിക്ക് 115 രൂപ വീതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ ലേല വാഗ്ദാനം 45 രൂപ വീതമായിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിമാനത്താവള സ്വകാര്യവത്കരണം നടക്കുന്നത്.

2006ലാണ് ഡല്‍ഹി, മുംബൈ വിമാനത്താവള നടത്തിപ്പ് ചുമതല ജി എം ആറിന് നല്‍കിയത്. കരാര്‍ പ്രകാരം ആഗോള നിലവാരത്തില്‍ അടിസ്ഥാന സൗകര്യങ്ങളും സേവനവും അദാനി ഗ്രൂപ്പ് ആറ് വിമാനത്താവളങ്ങളിലും ഒരുക്കും.

വിമാനത്താവള നടത്തിപ്പും നവീകരണവും സ്വകാര്യ പങ്കാളിത്വത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ നവംബറിലാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരായി സംസ്ഥാന സര്‍ക്കാറും പ്രദേശവാസികളും സമരവുമായി രംഗത്ത് വന്നെങ്കിലും പ്രയോജനമുണ്ടായില്ല. തിരുവനന്തപുരം അടക്കം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാരും അനിശ്ചിതകാല സമരം നടത്തിയിരുന്നു.

സ്വകാര്യവത്കരണം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചിരുന്നു. സിയാല്‍ മാതൃകയില്‍ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനി സര്‍ക്കാര്‍ രൂപവത്കരിച്ചെങ്കിലും അദാനിയെ മറികടക്കാന്‍ ആയില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി കൂടി കണക്കിലെടുത്താണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള ശ്രമം വളരെ ഫലപ്രദമായി അദാനി നടത്തിയത്. പൊതു തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറും മറ്റും പ്രതീക്ഷിച്ചിരുന്നത്. അങ്ങനെ വന്നാല്‍ അദാനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി വിമാനത്താവള നടത്തിപ്പവകാശം സംസ്ഥാന സര്‍ക്കാറിന് ഏറ്റെടുക്കാമെന്നായിരുന്നു പ്രതീക്ഷ. നിര്‍ഭാഗ്യവശാല്‍ കണക്കുകൂട്ടലെല്ലാം തെറ്റിയിരിക്കുകയാണ്. അദാനി തന്റെ പതാക തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇതിനകം നാട്ടിക്കഴിഞ്ഞിരിക്കുകയുമാണ്.

സ്വകാര്യവത്കരണം കേന്ദ്ര സര്‍ക്കാറിന്റെ പൊതു നയമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യവത്കരണം നടത്തുകയും ചെയ്യാം. എന്നാല്‍ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം ഇന്റര്‍നാഷണല്‍ വിമാനത്താവളങ്ങള്‍ പോലുള്ളവ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറേണ്ടത്. എന്നാല്‍ യോഗ്യതയുടെ അടിസ്ഥാനത്തിലല്ല ഈ കൈമാറ്റം നടത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം തീറെഴുതിയിരിക്കുന്ന അദാനി ഗ്രൂപ്പിന് ഈ മേഖലയില്‍ യാതൊരു മുന്‍ പരിചയവുമില്ല. ഈ മേഖലയില്‍ ആദ്യമായിട്ടാണ് ഇക്കൂട്ടര്‍ കടന്നുവന്നിരിക്കുന്നത്. യാതൊരു മുന്‍ പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പിന് തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ ആകെ തീറെഴുതി കൊടുത്തതിന് യാതൊരു നീതീകരണവുമില്ല.

വന്‍കിട കുത്തകകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാറിന് യാതൊരു മടിയുമില്ലെന്ന് ഈ വിമാനത്താവള കൈമാറ്റം വ്യക്തമാക്കുകയാണ്. തിരഞ്ഞെടുപ്പിലെ ജനവിധി കൂടി തങ്ങള്‍ക്കനുകൂലമായി വന്നതോടുകൂടി സാര്‍വദേശീയ കുത്തകകളുടെയും ഇന്ത്യന്‍ കുത്തകകളുടെയും പരസ്യ കുഴലൂത്തുകാരനായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. നീതിരഹിതമായ രീതിയിലുള്ള വിമാനത്താവളങ്ങളുടെ ഈ വിറ്റഴിക്കല്‍ അതിന്റെ നാന്ദി മാത്രമാണെന്ന് കണ്ടാല്‍ മതി.

തിരഞ്ഞെടുപ്പിലെ ജനവിധിയുടെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാര്‍ എന്തു കടുത്ത ജനദ്രോഹവും ധിക്കാരപൂര്‍വമായിത്തന്നെ ചെയ്‌തേക്കും. അതുകൊണ്ട് തന്നെ ഏറ്റവും ശക്തമായ ജനകീയ ചെറുത്തുനില്‍പ്പാണ് ഈ ജനവിരുദ്ധ നടപടികള്‍ക്കെതിരായി ഇന്ന് ആവശ്യമായിരിക്കുന്നത്. എന്നും കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായി ശക്തമായി പ്രതികരിച്ചു മാത്രം പാരമ്പര്യമുള്ള സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഈ വിമാനത്താവള വിറ്റഴിക്കലിനെതിരെയും പ്രതികരിക്കുമെന്ന് കരുതാം.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest