ധവാന്റെ പരുക്ക്: ഋഷബ് പന്ത് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു

Posted on: June 12, 2019 2:07 pm | Last updated: June 12, 2019 at 8:29 pm

ന്യൂഡല്‍ഹി: പരുക്കേറ്റതിനെ തുടര്‍ന്ന് രണ്ട് ആഴ്ചത്തോളം വിശ്രമം നിര്‍ദേശിക്കപ്പെട്ട ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം യുവവിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷബ് പന്ത് ഇന്ത്യന്‍ ടീമില്‍. വിരലിന് പരുക്കേറ്റ ശിഖര്‍ ധവാന്‍ നാട്ടിലേക്ക് തിരിക്കുന്നില്ലെങ്കിലും അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കുക എന്ന ലക്ഷ്യമിട്ടാണ് ഋഷബിനെ ബി സി സി ഐ ടീമിലേക്ക് തിരിച്ചുവിളിച്ചിരിക്കുന്നത്. അറിയിപ്പ് ലഭിച്ച ഉടന്‍ ഋഷബ് ഇംഗ്ലണ്ടിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരത്തോടെ ഇംഗ്ലണ്ടിലെത്തുന്ന ഋഷബ് അടുത്തദിവസം ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയേക്കും. ടീമിന്റെ ഔദ്യോഗിക കിറ്റ് അടക്കമുള്ള കാര്യങ്ങള്‍ ബി സി സി ഐ ഋഷബിന് എത്തിച്ച് നല്‍കിയിട്ടുണ്ട്.

നാളെ നോട്ടിംഗ്ഹാമില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം. ഇതില്‍ ശിഖര്‍ ധവാന് പകരം രോഹതിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന് ആകാംശയോടെ ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
ആസ്‌ത്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ധവാന് പരുക്കേറ്റത്. കോള്‍ട്ടര്‍ ലൈനിന്റെ പന്ത്‌കൊണ്ട് ധവാന്റെ ഇടത് കൈപ്പത്തിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പൊട്ടലേല്‍ക്കുകയായിരുന്നു.

അതിനിടെ ഇന്നത്തെ ആസ്‌ത്രേലിയ- പാക്കിസ്ഥാന്‍ പോരാട്ടത്തിനും നാളത്തെ ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തിനും മഴ ഭീഷണി നിലനില്‍ക്കുന്നതായണ് റിപ്പോര്‍ട്ട്.