Connect with us

National

പടിഞ്ഞാറന്‍ യു പി യിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ വാക്ക്‌പോര്

Published

|

Last Updated

ലഖ്‌നോ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ വിളിച്ചുചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാക്‌പോര്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സീറ്റുകള്‍ വിറ്റെന്ന് കോണ്‍ഗ്രസ് എം എല്‍ എ കെ കെ ശര്‍മ ആരോപിച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രവര്‍ത്തന ശൈലിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വിമര്‍ശനം അതിരുകടന്നതോടെ കെ കെ ശര്‍മയെ യോഗത്തില്‍നിന്ന് പുറത്താക്കി.

ഗുലാം നബി ആസാദിന്റെ നിലപാടുകള്‍ക്കെതിരെ വ്യക്തമായ തെളിവ് സഹതം താന്‍ യോഗത്തില്‍ സംസാരിച്ചതായി ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്തിന് യോഗത്തിന് എത്തിയതാണ്. എന്നാല്‍, ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം ആരംഭിക്കുന്നത്. യോഗത്തില്‍ ഗുലാം നബി ആസാദിനെതിരെ നിരവധി പരാതികളുണ്ടെന്ന് ഞാന്‍ സിന്ധ്യയെ അറിയിച്ചു. സ്ഥാനാര്‍ഥിയായിരുന്ന ഡോളി ശര്‍മക്കെതിരെയ ഗാസിയാബാദ് കോണ്‍ഗ്രസ് നേതാവ് ഹരേന്ദ്ര കസാന രംഗത്തെത്തി. ഡോളി ശര്‍മയുടെ പിതാവും മുതിര്‍ന്ന നേതാവുമായ നരേന്ദ്ര ഭരദ്വാജ് ഹരേന്ദ്രയുമായി രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.

വര്‍ഗീയതയും ദുര്‍ബലമായ സംഘടനാസംവിധാനവും പുറത്തുനിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയതുമാണ് ദയനീയ പരാജയത്തിന് കാരണമെന്ന് യോഗം വിലയിരുത്തി.
തോല്‍വിയെ കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തും. ജൂണ്‍14ന് വീണ്ടും യോഗം ചേരുമെന്ന് സിന്ധ്യ അറിയിച്ചു. കിഴക്കന്‍ യുപി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയും 14ലെ യോഗത്തില്‍ പങ്കെടുക്കും.

Latest