Connect with us

Kerala

അര്‍ബുദ രോഗിയായ ഓട്ടോ ഡ്രൈവറെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Published

|

Last Updated

അഞ്ചല്‍: അര്‍ബുദ രോഗിയായ ഓട്ടോ ഡ്രൈവറെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ കരുകോണ്‍ സ്വദേശി രാജേഷിനാണ് മര്‍ദനമേറ്റത്. വാഹന പരിശോധനക്കായി കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. രാജേഷിന്റെ തോളെല്ലിന് ക്ഷതം സംഭവിക്കുകയും ദേഹം മുഴുവന്‍ ചതവേല്‍ക്കുകയും ചെയ്തു. രാജേഷിന്റെ നിര്‍ധന കുടുംബം ചികിത്സക്കു പണമില്ലാതെ ബുദ്ധിമുട്ടുകയാണ്.

ശനിയാഴ്ച വൈകീട്ട് ആറോടെയാണ് അഞ്ചല്‍ ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന ഹോം ഗാര്‍ഡ് ഓട്ടോക്ക് കൈകാണിച്ചത്. എന്നാല്‍, ഇതു ശ്രദ്ധയില്‍ പെടാതിരുന്ന രാജേഷ് ഓട്ടോ മുന്നോട്ടെടുത്തപ്പോള്‍ ഹോം ഗാര്‍ഡ് ഓടിയെത്തി വാഹനത്തിനകത്തേക്കു കയറുകയായിരുന്നു. വാഹനം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരാന്‍ രാജേഷിനോട് നിര്‍ദേശിക്കുകയും ചെയ്തു. സ്‌റ്റേഷനിലെത്തിയ രാജേഷിനെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് കൈകള്‍ പിന്നിലാക്കി വിലങ്ങുവച്ച ശേഷം മര്‍ദിക്കുകയായിരുന്നുവെന്നാണ് രാജേഷ് ഡി വൈ എസ് പിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. കൈ കാണിച്ചത് ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും താനൊരു അര്‍ബുദ രോഗിയാണെന്നും പറഞ്ഞിട്ടും കേള്‍ക്കാതെ മര്‍ദനം തുടരുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കി.