Connect with us

Kerala

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം: എതിര്‍പ്പറിയിച്ച് സിപിഐ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും മജിസ്റ്റീരിയല്‍ അധികാരങ്ങളോടെ പോലീസ് കമീഷണറേറ്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ സിപിഐ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മുന്നണിയിലും സര്‍ക്കാറിലും ചര്‍ച്ച ചെയ്യാതെ പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കി ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് റവന്യുമന്ത്രി ഇ ചന്ദ്രശേഖരനാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് നിലവിലെ സിവില്‍ അധികാരത്തിന്‍മേലുള്ള കടന്ന് കയറ്റമാകുമെന്നും ഏകപക്ഷീയമായി ഉത്തരവിറക്കരുതെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യുമെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തും, കൊച്ചിയിലും പൊലീസ് കമ്മീഷണറേറ്റ് രൂപീകരിച്ച് ഈ മാസം ആറിനാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരത്ത് ഐജി ദിനേന്ദ്ര കശ്യപിനേയും, കൊച്ചിയില്‍ വിജയ് സാഖറെയുമാണ് നിയമിച്ചത്.

നിലവില്‍ കലക്ടര്‍മാര്‍ക്കുള്ള മജിസ്റ്റീരിയില്‍ അധികാരം പൊലീസിന് നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് എതിര്‍പ്പുമായി സിപിഐ രംഗത്ത് വന്നത്. യുഡിഎഫ് കാലത്ത് എടുത്ത തീരുമാനമാണെങ്കിലും എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം ഇക്കാര്യത്തില്‍ മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും സിപിഐ പറയുന്നു. യുഎപിഎ, കാപ്പ നിയമങ്ങളുടെ ദുരുപയോഗം ഇത് വഴി നടക്കുമെന്നും സിപിഐ ആശങ്കപ്പെടുന്നുണ്ട്. അതേ സമയം രാജ്യത്ത് 50 നഗരങ്ങളില്‍ മജിസ്റ്റീരിയല്‍ അധികാരത്തോടെയുള്ള കമ്മീഷണറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസിന്റെ കാര്യക്ഷമതയും നിലവാരവും ഇത് വഴി വര്‍ധിപ്പിക്കാനാകുമെന്നുമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്.