ഓൺലൈനാക്കാൻ കൈറ്റിന്റെ സമന്വയ സോഫ്റ്റ്‌വെയർ

Posted on: June 11, 2019 12:00 pm | Last updated: June 11, 2019 at 12:00 pm

തിരുവനന്തപുരം: സ്‌കൂളുകളിലെ നിയമനാംഗീകരവും തസ്തിക നിർണയവും ഓൺലൈനാക്കി കൈറ്റിന്റെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ) സമന്വയ സോഫ്റ്റ്‌വെയർ.

നിയമനാംഗീകാര പ്രക്രിയ കൂടുതൽ സുതാര്യവും കാര്യക്ഷമവും കാലതാമസം ഇല്ലാതെയുമാക്കാൻ ഈ സംവിധാനം വഴി കഴിയും.

സമന്വയയിൽ വിവിധ തലങ്ങളിലെ ഫയൽ കൈമാറ്റം പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്. മാനേജർമാർക്ക് ഇനി വിദ്യാഭ്യാസ ഓഫീസുകളെ സമീപിക്കാതെ തന്നെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷകൾ, അതിൽ അംഗീകരിച്ചവ, നിരസിച്ചവ, പെന്റിംഗുള്ളവ തുടങ്ങിയ വിശദാംശങ്ങൾ ഡാഷ്‌ബോർഡിൽ ലഭ്യമാകും.

അപേക്ഷകളുടെ സ്റ്റാറ്റസ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങി വിവിധ തലങ്ങളിൽ മോണിറ്റർ ചെയ്യാനും സമന്വയയിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫയലുകളുടെ ഓഡിറ്റും ഇനി ഓൺലൈനായി നടക്കും.

ഇതോടെ വിദ്യാഭ്യാസ ഓഫീസർമാർക്ക് കൂടുതൽ സമയം അക്കാദമിക കാര്യങ്ങളിൽ ശ്രദ്ധിക്കാനായി നീക്കിവെക്കാം.
കൈറ്റ് തന്നെ വികസിപ്പിച്ചെടുത്ത സമ്പൂർണ സ്‌കൂൾ മാനേജ്‌മെന്റ്പോർട്ടൽ വഴിയാണ് നിലവിൽ 14,593 സ്‌കൂളുകളുടേയും 45 ലക്ഷത്തിലധികം കുട്ടികളുടേയും 1.72 ലക്ഷം അധ്യാപകരുടേയും 21,432 മറ്റ് ജീവനക്കാരുടേയും വിശദാംശങ്ങൾ രേഖപ്പെടുത്തുന്നത്. സമ്പൂർണയിലെ ആറാം പ്രവൃത്തിദിന കണക്കിന്റെ നൂറ് കണക്കിന് പേജുകൾ വരുന്ന പ്രിന്റൗട്ട് ഉപയോഗിച്ച് മാന്വൽ രൂപത്തിലാണ് നിലവിൽ സങ്കീർണമായ തസ്തിക നിർണയം നടത്തുന്നത്.
ഈ വർഷം മുതൽ സമ്പൂർണയിലെ വിവരങ്ങൾ ഉപയോഗിച്ച് സമന്വയ വഴി ഓൺലൈനായിത്തന്നെ ഇത് നടത്താൻ കഴിയും.

അധികമായുണ്ടാകുന്നതും കുറയുന്നതുമായ തസ്തികകൾ, അധ്യാപക ബേങ്കിലേക്ക് പോകുന്നവരുടെ വിവരങ്ങൾ ഇതെല്ലാം ഇനി ‘സമന്വയ’യിലൂടെ വളരെയെളുപ്പത്തിൽ നടക്കും. സമന്വയ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30 ന് നിയമസഭാ കോംപ്ലക്‌സിൽ നിർവഹിക്കും.