ഈ കോലിയെ കൊണ്ട് തോറ്റു

Posted on: June 11, 2019 10:46 am | Last updated: June 11, 2019 at 10:46 am


ഇങ്ങനെ പോയാൽ ലോകകപ്പ് കഴിയുമ്പോഴേക്കും വീരാട് കോലിക്ക് തന്റെ ഫാൻസുകാരെ കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥയാകും. ഓരോ കളി കഴിയുമ്പോഴും കോലിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫാൻസുകാർ നിറയുകയാണ്.

നമുക്ക് കശ്മീര് വേണ്ട കോലിയെ മതിയെന്ന ബാനറുമായി കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാനികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോൾ ആസ്‌ത്രേലിയക്കെതിരെ മിന്നുന്ന വിജയം കാഴ്ചവെച്ച ശേഷം ഓസീസിൽ നിന്നാണ് ഫാൻസുകാരുടെ ഒഴുക്ക് വരുന്നത്.

ഓവലിൽ ഇന്ത്യ- ആസ്‌ത്രേലിയ മത്സരം നടക്കുന്നതിനിടെ സ്റ്റീവ് സ്മിത്തിനെ കൂവി വരവേറ്റ ഇംഗ്ലീഷ് കാണികളോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചതോടെയാണ് കോലി വീണ്ടും ഇഷ്ടക്കാരുടെ ഹൃദയം കവർന്നെടുത്തത്. പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷംടീമിലെത്തിയ സ്മിത്തിനെയും വാർണറെയും അവഹേളിച്ച കാണികളുടെ രീതി കോലിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. കോലി തന്നെ പിന്നീട് കൈയ്യടിച്ച് കാണികളെ തനിക്കൊപ്പം ചേർക്കുകയായിരുന്നു.

കോലിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ച് പാക്കിസ്ഥാനിലെ ലാഹോറിൽ ക്രിക്കറ്റ് പ്രേമികൾ രംഗത്തെത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.