റോഡപകടം: ഗ്രാഫ് മുകളിലേക്ക് തന്നെ

Posted on: June 11, 2019 10:16 am | Last updated: June 11, 2019 at 10:16 am


നടുക്കമുളവാക്കുന്നതാണ് ഞായറാഴ്ച പാലക്കാട് തണ്ണിശ്ശേരിയില്‍ എട്ട് പേരുടെ കൂട്ടമരണത്തിനിടയാക്കിയ വാഹനാപകടം. മറ്റൊരപകടത്തില്‍ പെട്ട് നിസാര പരുക്കേറ്റവരെയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സും എതിരെ വന്ന മത്സ്യ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്നവരാണ് മരണപ്പെട്ട എട്ട് പേരും. ഒരു ദശാബ്ദത്തിനിടെ പാലക്കാട് ജില്ലയിലുണ്ടായ ഏറ്റവും വലിയ വാഹനാപകടമാണിത്.

ദിനംപ്രതി നൂറുകണക്കിന് വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുന്നവരുടെ തിരിച്ചുവരവ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പല കുടുംബങ്ങളിലേക്കും വന്നെത്തുന്നത് അവരുടെ ചലനമറ്റ ശരീരങ്ങളാണ്. റോഡ് സുരക്ഷക്ക് വര്‍ഷാന്തം കോടികള്‍ വകയിരുത്തുകയും മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് അടിക്കടി റോഡ് സുരക്ഷാ വാരാചരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടും സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ക്ക് കുറവില്ല. 4,199 പേരാണ് സംസ്ഥാനത്ത് 2018ല്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടത്. 2017ല്‍ ഇത് 4,131 ആയിരുന്നു. ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണം യഥാക്രമം 31,611ഉം 29,733ഉം വരും. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ശരാശരി പന്ത്രണ്ടോളം പേരാണ് ദിനം പ്രതി ഇവിടെ വാഹനാപകടങ്ങളില്‍ മരിക്കുന്നത്. ഗുരുതരമായി പരുക്കേല്‍ക്കുന്നവരുടെ സംഖ്യ നൂറോളം വരും. മാരക പരുക്കിനിടയാക്കുന്ന വാഹനാപകടങ്ങള്‍ രാജ്യത്ത് ഏറ്റവുമധികം കേരളത്തിലാണെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്. മരിക്കുന്നവരില്‍ പകുതിയിലേറെയും (54.1 ശതമാനം) 15നും 34നും ഇടയില്‍ പ്രായമുള്ളവരാണ്.

കേന്ദ്ര റിപ്പോര്‍ട്ടനുസരിച്ച് അമിത വേഗവും മദ്യലഹരിയില്‍ വാഹനമോടിക്കുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. വിവിധ വാഹനങ്ങള്‍ക്ക് നിരത്തുകളില്‍ വേഗനിയന്ത്രണവും വേഗനിയന്ത്രണ സംവിധാനങ്ങളും വെച്ചിട്ടുണ്ടെങ്കിലും പാലിക്കുന്നവര്‍ കുറവാണ്. സ്വകാര്യ ബസുകള്‍ക്കും ടിപ്പര്‍ ലോറികള്‍ക്കും 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗം പാടില്ലെന്നാണ് നിയമമെങ്കിലും ഇതിലുമെത്രയോ കൂടിയ വേഗത്തിലാണ് മിക്കതും ഓടുന്നത്. അപകട സാധ്യതയേറിയ വളവുകളില്‍ ഹോണ്‍ മുഴക്കുകയും വേഗം കുറക്കുകയും ചെയ്യണമെന്നുണ്ടെങ്കിലും ബസുകള്‍ ഉള്‍പ്പെടെ ഹോണ്‍ മുഴക്കാതെയും അമിത വേഗത്തിലുമാണ് ചീറിപ്പായുന്നത്. ഇത്തരം സ്ഥലങ്ങളിലാണ് അപകടങ്ങളില്‍ ഗണ്യഭാഗവും സംഭവിക്കുന്നത്. പലപ്പോഴും നിയമം കാറ്റില്‍ പറത്തിയുള്ള വലിയ വാഹനങ്ങളുടെ മരണപ്പാച്ചിലുകള്‍ക്കിടെ തലനാരിഴക്കാണ് ചെറിയ വാഹനങ്ങള്‍ രക്ഷപ്പെടുന്നത്.

തിരക്കു പിടിച്ചതാണ് ഇന്ന് മിക്കവരുടെയും ജീവിതം. ഇതിനിടെ വാഹനപ്പെരുപ്പത്താല്‍ വീര്‍പ്പു മുട്ടുന്ന സംസ്ഥാനത്തെ റോഡുകളിലൂടെ വണ്ടികളോടിക്കുമ്പോഴും അല്‍പം സാവകാശം കാണിക്കാനുള്ള മനസില്ല ആര്‍ക്കും. ഇതാണ് അപകടങ്ങള്‍ കുറക്കാനുള്ള അധികൃതരുടെ ശ്രമങ്ങള്‍ വിഫലമാകുന്നതിന്റെ പ്രധാന കാരണം.

വാഹനമോടിക്കുന്ന ഓരോ വ്യക്തിക്കും തന്റെ ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ എത്തുന്നതിലും സ്വന്തം താത്പര്യങ്ങളിലും മാത്രമാണ് ശ്രദ്ധ. പൊതുനിരത്ത് എല്ലാവര്‍ക്കുമുള്ളതാണെന്ന കാര്യം അവര്‍ മറക്കുന്നു. ആര് വിചാരിച്ചാലും തീരെ ഒഴിവാക്കാനാകാത്ത ആകസ്മിക സംഭവങ്ങളല്ല സംസ്ഥാനത്ത് നടക്കുന്ന അപകടങ്ങളില്‍ മിക്കതും. മറിച്ച്, സ്വാര്‍ഥതയും അശ്രദ്ധയും കാരണം വന്നു ചേരുന്നതാണ്. വാഹന വകുപ്പ് നിര്‍ദേശിച്ച നിയമങ്ങള്‍ പാലിക്കുകയും തന്റെ അശ്രദ്ധയും നിരുത്തരവാദിത്തവും കാരണം ഒരാള്‍ക്കും ജീവഹാനിയും കഷ്ടനഷ്ടങ്ങളും പ്രയാസങ്ങളും സംഭവിക്കാനിടയാകരുത് എന്ന ബോധം വളയം പിടിക്കുന്നവര്‍ക്കുണ്ടാകുകയും ചെയ്താല്‍ ഒഴിവാക്കാകുന്നതാണ് വാഹനാപകടങ്ങളിലേറെയും.

അമിത വേഗത്തിന് പുറമെ മദ്യപാനമുള്‍പ്പെടെ ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം, റോഡുകളുടെ ശോച്യാവസ്ഥ, കാല്‍നട യാത്രക്കാരുടെ ശ്രദ്ധ കുറവ്, അശ്രദ്ധമായ വാഹന പാര്‍ക്കിംഗ്, കച്ചവടക്കാരുടെ റോഡ് കൈയേറ്റം, അപകടം വരുത്തുന്നവര്‍ക്കുള്ള ശിക്ഷയുടെ ലാഘവത്വം, സ്വാധീനം ഉപയോഗിച്ച് ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ഥിതിവിശേഷം തുടങ്ങിയവയും അപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നുണ്ട്.

രാജ്യത്തെ നല്ലൊരു ശതമാനം റോഡപകടങ്ങള്‍ക്കും ലഹരി ഉപയോഗവുമായി ബന്ധമുണ്ടെന്നാണ് ദേശീയ റോഡ് സേഫ്റ്റി അതോറിറ്റിയും ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡും ചേര്‍ന്ന് 2017 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മികച്ച റോഡുകള്‍ സുരക്ഷിതമായ വാഹന യാത്രയുടെ പ്രധാന ഘടകമാണ്. കേരളത്തില്‍ മിക്ക റോഡുകളും ഹൈവേകള്‍ പോലും കുണ്ടും കുഴികളും നിറഞ്ഞതാണ്. സ്ഥാനത്തും അസ്ഥാനത്തും ആവശ്യമുണ്ടോയെന്ന് പോലും പരിശോധിക്കാതെയും നിര്‍മിച്ചു വരുന്ന ഹമ്പുകളും റോഡപകടങ്ങള്‍ വരുത്തിവെക്കുന്നു. വേണ്ടത്ര പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഇല്ലാത്ത നിരത്തുകളുടെ വശങ്ങളില്‍ അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ വരുത്തിവെക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലെ പാര്‍ക്കിംഗ് ഏരിയകള്‍ വില്‍പ്പന വസ്തുക്കള്‍ നിരത്തിയും മറ്റും കൈയേറുന്ന പ്രവണതയും വ്യാപകം. റോഡപകടങ്ങള്‍ക്ക് മിക്കപ്പോഴും ചെറിയ ശിക്ഷകളാണ് വിധിക്കപ്പെടുന്നത്. ഒരാളുടെ കാലിനോ നട്ടെല്ലിനോ ക്ഷതം സംഭവിച്ച് മാസങ്ങളോ വര്‍ഷങ്ങളോ ചികിത്സ തേടേണ്ടി വരികയും ലക്ഷങ്ങള്‍ ചികിത്സാ ചെലവിനത്തില്‍ വഹിക്കേണ്ടി വരികയും ചെയ്യുന്ന അപകടങ്ങളില്‍ പോലും അപകടം വരുത്തിയ ഡ്രൈവര്‍ തുച്ഛമായ പിഴയടച്ചു രക്ഷപ്പെടുന്ന സ്ഥിതിവിശേഷം പോലുമുണ്ട്. ഉത്തരവാദപ്പെട്ടവര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയെങ്കില്‍ മാത്രമേ അപകടങ്ങള്‍ കുറക്കാനാകൂ.