നാല് ദിവസത്തിലേറെ കുഴല്‍ക്കിണറില്‍ കുടുങ്ങിയ രണ്ട് വയസ്സുകരനെ പുറത്തെടുത്തു; ജീവന്‍ രക്ഷിക്കാനായില്ല

Posted on: June 11, 2019 9:53 am | Last updated: June 11, 2019 at 11:37 am

സംഗ്രൂര്‍: പഞ്ചാബിലെ സംഗ്രൂരില്‍ 109 മണിക്കൂര്‍ നേരെ കുഴല്‍കിണറില്‍ കുടുങ്ങിക്കിടന്ന രണ്ട് വയസ്സുകാരനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 150 അടി താഴ്ചയില്‍ അകപ്പെട്ട കുഞ്ഞിനെ സമാന്തരമായി മറ്റൊരു കുഴല്‍കിണര്‍ നിര്‍മിച്ചാണ് പുറത്തെടുത്തത്. പുറത്തെടുക്കും മുമ്പ് തന്നെ കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഫത്തേവീര്‍ സിംഗ് എന്ന കുട്ടി തുണികൊണ്ട് മൂടിവെച്ചിരുന്ന കുഴല്‍ കിണറില്‍ കുടുങ്ങിയത്. ഏഴ് ഇഞ്ച് മാത്രം വ്യാസമുള്ള കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്താന്‍ മാതാവ് ആദ്യം ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. കുഴല്‍കിണറിന് തൊട്ടടുത്തായി 36 ഇഞ്ച് വ്യാസത്തില്‍ മറ്റൊരു കിണര്‍ നിര്‍മിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഓക്‌സിജന്‍ മാത്രമാണ് നല്‍കിയിരുന്നത്.