Connect with us

National

ജീവപര്യന്തത്തിലൊതുങ്ങാത്ത കൊടും ക്രൂരത

Published

|

Last Updated

കത്വയിലെ എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ നരാധമന്മാൻ കടിച്ചു കീറിയപ്പോൾ രാജ്യമെങ്ങും തെരുവിൽ പ്രതിഷേധം അലയടിച്ചു. അവളുടെ ബന്ധുക്കൾക്ക് നീതി കിട്ടാനും ഇത്തരമൊരു ക്രൂരത ആവർത്തിക്കാതിരിക്കാനും വിവിധ തലങ്ങളിൽ നിന്ന് മുറവിളികളുയർന്നു. ഒടുവിൽ ഭാഗികമായെങ്കിലും നീതി ലഭിച്ചിരിക്കുന്നു. വധശിക്ഷക്ക് വേണ്ടിയായിരുന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നത്. എന്നാൽ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. അത് തന്നെ പ്രതികളിൽ മൂന്ന് പേർക്ക് മാത്രം. സെഷൻസ് കോടതി വിധിക്കെതിരെ മേൽകോടതിയിൽ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

2012 ഡിസംബറിലെ ഡൽഹി നിർഭയ മാനഭംഗ കൊലക്കേസിനു ശേഷം രാജ്യത്തെ നടുക്കിയ സംഭവമാണ് കത്വ പീഡന കൊല. ബാലികയെ കാണാതായത് 2018 ജനുവരി പത്തിന്. വനത്തിൽ മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെൺകുട്ടിയെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതികളിലൊരാൾ, ബലമായി ലഹരി നൽകി പീഡിപ്പിച്ചു. പിന്നീട് തൊട്ടടുത്ത ചെറുക്ഷേത്രത്തിലെ മുറിക്കുള്ളിൽ ഒരാഴ്ച തടവിൽ വെച്ചും പീഡിപ്പിച്ചു. ഈ സമയത്ത് ഭക്ഷണം നൽകാതെ ലഹരി നൽകി മയക്കിക്കിടത്തി. മൃതപ്രായയായ പെൺകുട്ടിയെ പിന്നീട് ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ചു. മാറി മാറി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് പെൺകുട്ടിയുടെ തലക്കിടിച്ചാണ് കൊന്നത്. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.

ജനുവരി 12ന് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഹിരാനഗർ പോലീസ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തു. ജനുവരി 17ന് മൃതദേഹം കണ്ടെത്തി. പെൺകുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. പ്രാദേശിക പോലീസിന്റെ അന്വേഷണത്തിൽ പരാതി ഉയർന്നതോടെ ജനുവരി 23ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. എന്നാൽ കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് അതിപൈശാചികമായ പീഡനനത്തിന്റേയും ക്രൂരതയുടേയും വിവരങ്ങൾ പുറം ലോകമറിയുന്നത്.

പിന്നീട് വിവാദങ്ങളിലൂടെ കേസ് നാൾക്കു നാൾ ജനശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. ജമ്മു കശ്മീർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനെതിരെ അഭിഭാഷകർ രംഗത്തെത്തിയതും പ്രതിഷേധ കൊടുങ്കാറ്റായി. സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ എട്ട് പേരെയാണ് പ്രതി ചേർത്തത്. നാടോടി സമുദായമായ ബഖർവാലകളെ കത്വയിലെ രസാന ഗ്രാമത്തിൽ നിന്ന് പുറന്തള്ളുക എന്ന ലക്ഷ്യത്തോടെ ബാലികയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു കൊന്നെന്നാണ് പ്രോസിക്യൂഷൻ കേസ്. ഗ്രാമത്തിലെ പൗരപ്രമുഖനും മുൻ റവന്യൂ ഉദ്യോഗസ്ഥനുമായ സാൻജിറാമാണു മുഖ്യ ഗൂഢാലോചകൻ. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്.
ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരിക്ക് കൂടിയ അളവിൽ ലഹരിമരുന്നുകളും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളും ബലംപ്രയോഗിച്ചു നൽകി.

മയക്കുമരുന്നുകൾ അമിതമായി ശരീരത്തിലെത്തിയതോടെ അബോധാവസ്ഥയിലായ ബാലികക്ക് കരയാൻ പോലും കഴിഞ്ഞിരിക്കില്ല എന്നാണ് ഫൊറൻസിക് മെഡിസിൻ വിദഗ്ധരുടെ വിലയിരുത്തൽ. തടവിൽ ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ടെങ്കിൽ കുട്ടി കരഞ്ഞ് ബഹളം വെക്കുമായിരുന്നു എന്നാണ് പ്രതികളുടെ അഭിഭാഷകർ വാദിച്ചത്. സമൂഹിക മാധ്യമങ്ങളിലും പ്രതികളെ അനുകൂലിക്കുന്നവർ ഈ അഭിപ്രായം പങ്കുവച്ചു. ഇതിനെ പ്രതിരോധിക്കാനും കുട്ടിയുടെ അപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നതിനുമാണ് ക്രൈം ബ്രാഞ്ച് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് തേടിയത്.

ന്യൂനപക്ഷ വിഭാഗത്തിൽപെട്ട എട്ട് വയസ്സുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം നൽകുന്നതിൽ പ്രതിഷേധിച്ച് പ്രാദേശിക ബാർ അസോസിയേഷൻ ബന്ദ് ആഹ്വാനം ചെയ്തു. നിയമ നടപടി തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് പോലീസ് അഭിഭാഷകർക്കെതിരെ കേസെടുത്തു. കേസിൽ പോലീസ് പക്ഷഭേദം കാട്ടുന്നുവെന്നാരോപിച്ച് അന്നത്തെ മെഹബൂബ മന്ത്രിസഭയിലെ രണ്ട് ബി ജെ പി മന്ത്രിമാരും രംഗത്തെത്തി
ഉന്നതർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തുടർന്ന് കേസിൽ ഉൾപ്പെട്ട രണ്ട് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരും സാൻജിറാമും ഉൾപ്പെടെ ഏഴ് പേർ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. 2018 ഏപ്രിൽ ഒന്പതിന് കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. ഏഴ് പേരായിരുന്നു കുറ്റക്കാർ. പ്രായപൂർത്തിയാകാത്ത എട്ടാം പ്രതിക്കെതിരെ ഏപ്രിൽ 10നും കുറ്റപത്രം സമർപ്പിച്ചു. ജമ്മു കശ്മീർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള പോലീസിന്റെ ശ്രമം അഭിഭാഷകർ തടസ്സപ്പെടുത്തി. ഇതിലും പോലീസ് കേസെടുത്തു. ന്യൂനപക്ഷ ദോഗ്ര സമൂഹത്തെ പോലീസ് ബലിയാടാക്കുന്നു എന്നായിരുന്ന് അഭിഭാഷകരുടെ ആരോപണം.

അഭിഭാഷകരുടെ പ്രതിഷേധത്തിനും ബന്ദ് ആഹ്വാനത്തിനും ബി ജെ പി ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയുണ്ടായിരുന്നു. പ്രതികൾക്ക് അനുകൂലമായി ഹിന്ദു ഏകതാ മഞ്ച് ഫെബ്രുവരി 16ന് നടത്തിയ റാലിയിൽ ബി ജെ പി മന്ത്രിമാരായ ലാൽ സിംഗ്, ചന്ദർ പ്രകാശ് എന്നിവർ പങ്കെടുത്തത് വൻ വിവാദമായി. തുടർന്ന് മാർച്ച് ഒന്നിന് ഇവർ രാജി പ്രഖ്യാപിച്ചു, ഏപ്രിലിൽ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ബി ജെ പി മന്ത്രിമാർ രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കാൻ അന്നത്തെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് മേൽ സമ്മർദമുണ്ടായിരുന്നു. സഖ്യം അവസാനിപ്പിക്കണമെന്നും പി ഡി പിക്കുള്ളിൽ വികാരമുയർന്നു. ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനെതിരെ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഒഴിവാക്കി. കശ്മീരിലെ കോടതിയിൽ അഭിഭാഷകർ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചത് ശ്രദ്ധയിൽ വന്നതോടെയാണ് സുപ്രീം കോടതി കേസെടുത്തത്.

കേസിന്റെ വിചാരണ പഞ്ചാബിലെ പഠാൻകോട്ട് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടത് മേയ് ഏഴിനാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലായിരുന്നു നടപടി. ജമ്മുവിലെ വർഗീയാന്തരീക്ഷം കണക്കിലെടുത്ത് കേസിന്റെ വിചാരണ ചണ്ഡിഗഢിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. വിചാരണ രഹസ്യമായി വേണമെന്ന് കോടതി നിർദേശിച്ചു.

ദിവസവും വിചാരണ നടത്തി വേഗത്തിൽ പൂർത്തിയാക്കണമെന്നും കേസിലെ പ്രതികളെ പഞ്ചാബിലെ ഗുർദാസ്പുർ ജയിലിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി ജൂലൈ ഒന്പതിന് ഉത്തരവിട്ടു. കേസിന്റെ വിചാരണ രഹസ്യമായി നടത്തണമെന്നും സാക്ഷികളെ വിസ്തരിക്കുമ്പോൾ ന്യായാധിപനും ജീവനക്കാർക്കും പുറമേ, പ്രോസിക്യൂട്ടർമാരും പ്രതികളുടെ ഓരോ അഭിഭാഷകരും മാത്രമേ പാടുള്ളൂവെന്നും കോടതി നിഷ്‌കർഷിച്ചിരുന്നു. 275 തവണ വാദം കേൾക്കൽ നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സാൻജിറാമിനേയും മകനേയും പോലീസ് ഉദ്യോഗസ്ഥരെയും കേസിൽപ്പെടുത്തി എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രായം സംബന്ധിച്ച തർക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ പ്രായപൂർത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല.