Connect with us

Ongoing News

ദക്ഷിണാഫ്രിക്കക്ക് ജയിച്ചേ മതിയാകൂ

Published

|

Last Updated

ലണ്ടൻ: ദക്ഷിണാഫ്രിക്കയുടെ ദുരന്തം, കണ്ണീരോടെ മടങ്ങാം, നിർഭാഗ്യമല്ല; നാണക്കേട്… ഇന്ന് വെസ്റ്റിൻഡീസിനോട് പരാജയപ്പെട്ടാൽ നാളെ ലോകമാധ്യമങ്ങൾ ഇങ്ങനെയൊക്കെയാകും ദക്ഷിണാഫ്രിക്കയെ വിശേഷിപ്പിക്കുക. മികച്ച ഏകദിന പ്രകടനവുമായി ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ടിലെത്തിയ ദക്ഷിണാഫ്രിക്കക്ക് ഇന്നത്തെ വിജയം അനിവാര്യം എന്നതിനപ്പുറം അത്യന്താപേക്ഷിതം എന്ന് പറയുന്നതാകും ഏറ്റവും അനിയോജ്യം.

ദക്ഷിണാഫ്രിക്കൻ സാധ്യത
കളിച്ച മൂന്ന് മത്സരങ്ങളിലും ദയനീയമായ പരാജയം ഏറ്റുവാങ്ങിയാണ് റോസ് ബൗൾ ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്ക വിൻഡീസിനെ നേരിടുന്നത്. പരുക്കിന്റെ പിടിയിൽ നിന്ന് മുക്തമാകാത്ത ബൗളർമാരും മാനസികമായി തളർന്ന ബാറ്റ്‌സ്മാന്മാരുമായി ഗ്രൗണ്ടിലിറങ്ങുന്ന ഡു പ്ലെസിസിനും സംഘത്തിനും വിൻഡീസ് എന്നത് അത്ര എളുപ്പം കടക്കാനാകുന്ന പുഴയല്ല.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ചിട്ടയോടെ കളിച്ചാൽ മാത്രമേ ഫലം തങ്ങൾക്കനുകൂലമാക്കാൻ ദക്ഷിണാഫ്രിക്കക്ക് സാധിക്കുകയുള്ളൂ. വെസ്റ്റിൻഡീസിന്റെ ബലഹീനത മനസ്സിലാക്കി തളരാതെ പന്തെറിയാൻ പേസർമാർക്ക് സാധിക്കണം. വിൻഡീസ് തരങ്ങളുടെ അമിതാവേശം മുതലെടുത്ത് പന്തെറിഞ്ഞ ഓസീസ് താരങ്ങൾ ദക്ഷിണാഫ്രിക്കക്ക് നല്ലൊരു മാതൃകയാണ്.

വെസ്റ്റിൻഡീസിനെതിരെ ഹാശിം അംലക്കും ഡികോക്കിനും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ. വിൻഡീസ് ബോളർമാരെ കൃത്യമായി മനസ്സിലാക്കാനും അതനുസരിച്ച് ബാറ്റ് വീശാനും ഇരുവർക്കും അറിയാം. ഇവർ നല്ലൊരു തുടക്കം നൽകിയാൽ 300ന് മുകളിലേക്ക് ദക്ഷിണാഫ്രിക്കൻ സ്‌കോർ കടക്കും. വിൻഡീസുമായി ഇതുവരെയുള്ള ഏകദിന, ലോകകപ്പ് മത്സരങ്ങളില്ലെല്ലാം മേൽക്കോയ്മ നേടിയ ദക്ഷിണാഫ്രിക്കക്ക് ആ ചരിത്രം തിരുത്താതിരിക്കാൻ കഠിനപ്രയത്‌നം തന്നെ വേണ്ടിവരും.

ലോകകപ്പിൽ ആറ് തവണയാണ് വിൻഡീസിനെ ദക്ഷിണാഫ്രിക്ക നേരിട്ടത്. ഇതിൽ 2007, 2011, 2015 ലോകകപ്പുകളിലെ വിജയം ദക്ഷിണാഫ്രിക്കക്കായിരുന്നു. അതും ആധികാരികമായ വിജയം. കഴിഞ്ഞ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ 408 എന്ന കൂറ്റൻ സ്‌കോർ മറികടക്കാൻ ക്രീസിലിറങ്ങിയ വിൻഡീസ് ബാറ്റിംഗ് നിര 151 റൺസിലൊടുങ്ങി. 257 റൺസിന്റെ വിജയമാണ് അന്ന് ദക്ഷിണാഫ്രിക്ക കൊയ്തത്. ഡി കോക്കും അംലയും ഓപ്പണറായി ഇറങ്ങിയ മത്സരത്തിൽ എ ബി ഡിവില്ലേഴ്‌സായിരുന്നു ഉയർന്ന സ്‌കോർ നേടിയത്. 162 റൺസ് അതും കേവലം 66 പന്തിൽ നിന്ന്. എട്ട് സിക്‌സറടക്കം 25 ബൗണ്ടറികളാണ് അന്ന് ഡിവില്ലേഴ്‌സിന്റെ സമ്പാദ്യം. അദ്ദേഹം ഒറ്റക്കെടുത്ത സ്‌കോർ പോലും മറികടക്കാൻ അന്ന് വിൻഡീസ് താരങ്ങൾക്ക് സാധിച്ചിരുന്നില്ല.

2011ലെ ലോകകപ്പിൽ വിൻഡീസിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. 222ലൊതുങ്ങിയ വിൻഡീസിന്റെ ലക്ഷ്യംമൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. അന്നും ഡിവില്ലേഴ്‌സായിരുന്നു ഉയർന്ന സ്‌കോർ. 107 (105). 2007ലെ ലോകകപ്പിൽ 67 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

356 റൺസിന്റെ ലക്ഷ്യം മറികടക്കാനിറങ്ങിയ വിൻഡീസിന്റെ ഇന്നിംഗ്‌സ് 289ലൊതുങ്ങി. ഓപ്പണറായിരുന്ന ഡിവില്ലേഴ്‌സ് 146 റൺസ് നേടി. ഈ മൂന്ന് ലോകകപ്പിലും തങ്ങളുടെ മുനയൊടിച്ച ഡിവില്ലേഴ്‌സ് ഇപ്പോൾ ടീമിലില്ലെന്നത് മാത്രമാണ് വിൻഡീസിന്റെ ഏക ആശ്വാസം. 2003, 1996 ലോകകപ്പുകളിലാണ് ദക്ഷിണാഫ്രിക്കക്കെതിരെ വിൻഡീസ് ജയിച്ചത്.

പരുക്കിനെ തുടർന്ന് പിന്മാറിയ ഡെയ്ൽ സ്റ്റെയിൻ, ബംഗ്ലാദേശുമായുള്ള മത്സരത്തിനിടെ പരുക്കേറ്റ ലുങ്കി എൻഗിഡി എന്നിവരുടെ അഭാവമാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്റെ തലവേദന. എൻഗിഡി ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയുണ്ടെങ്കിലും ഫോമിലാകാൻ സാധ്യത വളരെ കുറവാണ്. എങ്കിഡി ഇല്ലെങ്കിൽ ഗെയിലടക്കമുള്ള വിൻഡീസ് നിരയെ സമ്മർദത്തിലാക്കാൻ ബ്യൂറെൻ ഹെൻഡ്രിക്കിന് സാധിക്കുമോയെന്നാകും ഡുപ്ലെസിസ് പരീക്ഷിക്കുക.
അവസാന അഞ്ച് ഏകദിനങ്ങളെടുക്കുകയാണെങ്കിൽ ഇരുടീമുകളുടെയും വിജയ, പരാജയങ്ങളുടെ കണക്ക് ഏകദേശം സാമ്യം നിറഞ്ഞതാണ്. രണ്ട് തവണമാത്രമാണ് ഇരു ടീമുകൾക്കും വിജയിക്കാനായത്.

വെസ്റ്റിൻഡീസ് സാധ്യത

ആത്മവിശ്വാസത്തിന് ക്ഷതമേൽക്കാതെ ലോകകപ്പിൽ സുരക്ഷിതമായ ഇടത്താണ് വിൻഡീസുള്ളത്. ബോളിംഗ്, ബാറ്റിംഗ് നിരയിലെ അമിതാവേശം മാത്രമാണ് വിൻഡീസിന് പേടിക്കാനുള്ളത്. സുനിശ്ചിതമായി വിജയിക്കാവുന്ന ആസ്‌ത്രേലിയക്കെതിരായ ഇന്നിംഗ്‌സ് നഷ്ടപ്പെട്ടതും ബാറ്റ്‌സ്മാന്മാരുടെ അമിതാവേശം കൊണ്ട് മാത്രമാണ്. ദക്ഷിണാഫ്രിക്കയുടെ ബലഹീനമായ ബോളിംഗ് നിരയെ കൃത്യമായി കൈകാര്യം ചെയ്താൽ വിൻഡീസിന് വിജയം അനായാസമായിരിക്കും.

ഒന്നാം ഇന്നിംഗ്‌സാണ് ലഭിക്കുന്നതെങ്കിൽ വിൻഡീസിന് വിജയ സാധ്യത കൂടുതലാണ്. നല്ല സ്‌കോർ ചെയ്‌സ് ചെയ്യേണ്ട സാഹചര്യത്തിൽ വിൻഡീസ് താരങ്ങൾ അക്രമണോത്സുകമായാണ് കളിക്കാറുള്ളത്. അപൂർവമായ സാഹചര്യങ്ങളിൽ ഇത് ഗുണം ചെയ്യാറുണ്ടെങ്കിലും പലപ്പോഴും ഈ രീതി ടീമിനെ അപകടത്തിലെത്തിച്ചിട്ടേയുള്ളൂ. ഇത്തരം സാഹചര്യങ്ങളിൽ സമ്മർദമില്ലാതെ കളിക്കാൻ വിൻഡീസിന് സാധിക്കാറില്ല.